എന്തും സംഭവിക്കാമെന്ന് കോൺഗ്രസ്: രാജിയില്ലെന്ന് കുമാരസ്വാമി - hd kumaraswamy
കർണാടക രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു

ബംഗളൂരു: കർണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ തിരക്കിട്ട നീക്കം. സഖ്യ സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നും രാജിവെയ്ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. കോൺഗ്രസ്- ജെഡിഎസ് നേതാക്കളുടെ ചർച്ചയ്ക്ക് ശേഷമാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. 2008ല്‍ സമാന സാഹചര്യം ഉണ്ടായപ്പോൾ ബിജെപി മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ രാജിവെച്ചില്ലെന്നും കുമാരസ്വാമി പറഞ്ഞു. കർണാടക രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഇന്ന് വൈകിട്ട് ആറ് മണിവരെ സമയമുണ്ട്. അതിനുള്ളില്‍ സമവായ ശ്രമങ്ങൾ വിജയിക്കുമെന്നും കോൺഗ്രസ് നേതൃത്യം അറിയിച്ചു.
അതിനിടെ, മുംബൈയിലുള്ള ഒൻപത് വിമത എംഎല്‍എമാർ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു. രണ്ട് പേർ മുംബൈയില്‍ തുടരും. ഇന്ന് വൈകിട്ട് ആറ് മണിക്കകം വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എംഎല്‍എമാരോട് സ്‌പീക്കറെ കാണാനും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.