ബംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ പ്രമേയം പാസാക്കാൻ ഒരുങ്ങി കർണാടക. മാർച്ച് 2,3 തീയതികളില്‍ നടക്കാനിരിക്കുന്ന ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ അവസാനം പ്രമേയം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും പ്രതിരോധത്തെ പ്രമേയം നേരിടേണ്ടി വരും.
ഇന്ന് നടന്ന സംസ്ഥാന നിയമസഭയുടെ സംയുക്ത സമ്മേളനത്തിലെ ഗവർണറുടെ പ്രസംഗത്തിൽ സംസ്ഥാനത്ത് സിഎഎ നടപ്പാക്കുന്നതിനെക്കുറിച്ച് ചില പരാമർശങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഗവർണർ അങ്ങനെയൊരു പരാമർശം നടത്തിയിരുന്നില്ല. നിയമസഭയുടെയും കൗൺസിലിന്‍റെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഗവർണർ വാജുഭായ് വാല തിങ്കളാഴ്ച ആരംഭിച്ച സെഷൻ ഫെബ്രുവരി 20ന് സമാപിക്കും. മാർച്ച് 2 മുതൽ ബജറ്റ് സമ്മേളനത്തിനായി സഭ വീണ്ടും ചേരും. മാർച്ച് 5ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.
ഭരണഘടന അംഗീകരിച്ച് 70 വർഷമാകുന്നതിന്‍റെ ഭാഗമായി ഭരണഘടനയെക്കുറിച്ച് രണ്ട് ദിവസം പ്രത്യേക ചർച്ച നടത്താൻ സ്പീക്കർ വിശേശ്വലർ ഹെഗ്ഡെ കഗേരി തീരുമാനിച്ചിരുന്നു. സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങളിലും ചർച്ചക്ക് സാധ്യതയുണ്ട്. കേരള, ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതിക്കെതിരെ ശക്തമായി എതിർക്കുന്നതിനിടെയാണ് കർണാടകയുടെ നീക്കം.
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് കൊണ്ട് സിഎഎ അനുകൂല പ്രമേയം ജനുവരിയില്‍ പാസാക്കിയിരുന്നു. എന്നാല്‍ കേരളം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാങ്ങൾ സിഎഎ വിരുദ്ധ പ്രമേയങ്ങൾ സഭകളില്‍ പാസാക്കി.സിഎഎ വിരുദ്ധ സംസ്ഥാനങ്ങളുടെ നിരയിൽ ചേരുന്ന തെലങ്കാന സർക്കാരും നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെന്നപോലെ കർണാടകയും സിഎഎ അനുകൂല, പ്രതിഷേധ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.