ബംഗളൂരു: ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട കന്നഡ നടി രാഗിണി ദിവേദിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് സെൻട്രല്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ചാമരാജ്പെട്ട് ഓഫിസിലാണ് ഹാജരാകാൻ നിർദേശം നല്‍കിയത്. നടിയെ സഹായിക്കൊപ്പം ചോദ്യം ചെയ്യുമെന്ന് സിസിബി അഡീഷണൽ കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയിലെ ചില അഭിനേതാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് സിസിബിയുടെ നടപടി.
ബെംഗളൂരു ലഹരി കേസ്; കന്നഡ നടി രാഗിണിക്ക് ഹാജരാകാൻ നോട്ടീസ്
കന്നഡ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾക്ക് മയക്കു മരുന്ന് എത്തിച്ച് നല്‍കിയ അനിഖയുടെ അറസ്റ്റിന് പിന്നാലെയാണ് നടി രാഗിണിക്ക് ഹാജരാകാൻ നോട്ടീസ് നല്‍കിയത്. മയക്കു മരുന്ന് ഉപയോഗിച്ച ചില പാർട്ടികളില്‍ രാഗിണിയും കൂട്ടാളികളും പങ്കെടുത്തെന്ന സംശയത്തെ തുടർന്നാണ് നടപടി.
താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് നടിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. രാഗിണിയും സഹായിയും മുൻപ് പങ്കെടുത്തിരുന്ന ചില പാർട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായാണ് സൂചന. കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നത് തടയാൻ കെഎസ്‌ആർടിസി ബസുകളും മറ്റ് പൊതു, സ്വകാര്യ ഗതാഗതങ്ങളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സർപ്രൈസ് പരിശോധന ഉദ്യോഗസ്ഥർ ആരംഭിച്ചു.
നേരത്തെ മയക്കുമരുന്ന് കടത്തിലെ പ്രധാനകണ്ണിയായ അനിഖയെയും അവരുടെ രണ്ട് കൂട്ടാളികളായ എം.അനൂപ്, ആർ.രവീന്ദ്രൻ എന്നിവരെയും അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ബംഗളൂരുവില്‍ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡില്‍ വൻ മയക്കുമരുന്ന് ശേഖരമാണ് കണ്ടുകെട്ടിയത്. കന്നഡ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾ, സംഗീതജ്ഞർ, കലാകാരന്മാർ എന്നിവരും എൻസിബിയുടെ നിരീക്ഷണത്തിലാണ്.