ന്യൂഡൽഹി:ഷഹീൻ ബാഗിൽ സിഎഎ പ്രതിഷേധങ്ങള്‍ക്കിടെ വെടിയുതിർത്ത കപിൽ ഗുർജർ ബിജെപിയിൽ ചേർന്നു. ബിജെപി ഗാസിയാബാദ് ജില്ലാ പ്രസിഡന്‍റ് സഞ്ജീവ് ശർമയുടെ സാന്നിധ്യത്തിലായിരുന്നു ഗുര്‍ജറിന്‍റെ ബിജെപി അംഗത്വ സ്വീകരണം. ഹിന്ദുത്വത്തെ ശക്തിപ്പെടുത്താൻ ബിജെപി പ്രവർത്തിക്കുന്നുണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ താൻ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും പാർട്ടിയിൽ ചേർന്ന ശേഷം കപിൽ ഗുർജാർ പറഞ്ഞു.
സിഎഎ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിർത്തയാള്‍ ബിജെപിയിൽ ചേർന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് കപിൽ ഗുർജാർ വെടിയുതിര്‍ത്തത്
"ഞങ്ങൾ ഭാരതീയ ജനതാ പാർട്ടിയോടൊപ്പമുണ്ട്, ബിജെപി ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്നു. ബിജെപി ചെയ്യുന്ന മിക്ക പ്രവര്‍ത്തനങ്ങളും ഹിന്ദുക്കൾക്ക് വേണ്ടിയുള്ളതാണ്. ഹിന്ദുത്വത്തിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പണ്ട് മുതലേ എന്‍റെ ആഗ്രഹം ഹിന്ദുത്വത്തിനായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു. എന്‍റെ രാജ്യത്തിനായി എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിനാലാണ് ഞാൻ ഇന്ന് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുക്കുന്നത്"- ഗുർജാർ പറഞ്ഞു.
ബിജെപിയുടെ നയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളും കണ്ടിട്ടാണ് കപിൽ ഗുർജര്‍ സുഹൃത്തുക്കളോടൊപ്പം ഇന്ന് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നിരിക്കുന്നതെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സഞ്ജീവ് ശർമ പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് വിവാദപരമായ സംഭവം നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഗുർജാർ ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യം ലഭിച്ചിരുന്നു.