മുംബൈ: എട്ട് പൊലീസുകാർ കൊല്ലപ്പെട്ട കാൺപൂർ ഏറ്റുമുട്ടൽ ഉത്തർപ്രദേശ് സർക്കാരിന്‍റെ അനാസ്ഥയാണ് തുറന്നുകാട്ടുന്നതെന്ന് ശിവസേന. സംസ്ഥാനത്ത് ഗുണ്ടായിസം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദത്തെയും ശിവസേന ചോദ്യം ചെയ്തു. ഉത്തർപ്രദേശ് ഇപ്പോൾ പൊലീസുകാരുടെ രക്തത്തിൽ കുതിർന്നിരിക്കുന്നു. ഇത് രാജ്യത്തെ ഞെട്ടലിലാഴ്ത്തുന്നതാണെന്നും ശിവസേന കൂട്ടിചേർത്തു.
കാൺപൂർ ഏറ്റുമുട്ടൽ തുറന്നുകാട്ടുന്നത് സർക്കാരിന്‍റെ അനാസ്ഥയെന്ന് ശിവസേന - കാൺപൂർ ഏറ്റുമുട്ടൽ തുറന്നുകാട്ടുന്നത് സർക്കാരിന്‍റെ അനാസ്ഥ: ശിവസേന
കഴിഞ്ഞയാഴ്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് കാൺപൂരിനടുത്തുള്ള ഗ്രാമത്തിൽ വച്ച് വികാസ് ദുബെയുടെ കൂട്ടാളികൾ വെടിവച്ചു കൊന്നത്

കഴിഞ്ഞയാഴ്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് കാൺപൂരിനടുത്തുള്ള ഗ്രാമത്തിൽ വെച്ച് വികാസ് ദുബെയുടെ കൂട്ടാളികൾ വെടിവച്ചു കൊലപ്പെടുത്തിയത്. മുഖ്യ പ്രതി ദുബെയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ദുബെ നേപ്പാളിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്ക്ക് ഇപ്പോൾ നേപ്പാളുമായി നല്ല ബന്ധമല്ല ഉള്ളത്. ദുബെ നേപ്പാളിലെ ദാവൂദ് ആയി മാറില്ലെന്ന് പ്രതീക്ഷിക്കുന്നതായും ശിവസേന പറഞ്ഞു.
ഗുണ്ടാസംഘങ്ങളും അവരുടെ കുറ്റകൃത്യങ്ങളും കാരണം ഉത്തർപ്രദേശ് പതിറ്റാണ്ടുകളായി അപമാനം നേരിടുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭരണകാലത്ത് ഗുണ്ടായിസം അവസാനിച്ചുവെന്ന് നിരവധി തവണ അവകാശവാദങ്ങൾ ഉയർന്നിരുന്നു. എന്നാലിത് സത്യമല്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ ചൂണ്ടികാണിക്കുന്നത്. ആദിത്യനാഥ് സർക്കാരിന്‍റെ മൂന്നുവർഷത്തെ ഭരണകാലത്ത് 113 ഗുണ്ട ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ദുബെയുടെ പേര് അതിൽ നിന്ന് ഒഴിവായത് എങ്ങനെയാണെന്നും ശിവസേന ചോദിച്ചു.