ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് രോഗവ്യാപനത്തിനെതിരെ പ്രവർത്തിക്കാൻ 'നാമേ തീർവ്' പദ്ധതിക്ക് തുടക്കമിട്ട് ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. തമിഴ്‌നാടിന്‍റെ തലസ്ഥാനമായ ചെന്നൈ കൊവിഡ് തലസ്ഥാനമായി മാറരുത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ കൊവിഡ് രോഗവ്യാപനത്തിനെതിരെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും കമൽഹാസൻ പറഞ്ഞു. പാർട്ടിയുടെ പുതിയ സംരംഭമായ 'നാമേ തീർവു'മായി ബന്ധപ്പെട്ട് സർക്കാരിതര സംഘടനകൾക്കും വ്യക്തികൾക്കും ഫോൺ നമ്പറിൽ വിളിച്ച് സ്വയം രജിസ്റ്റർ ചെയ്യാമെന്നും ചെന്നൈയെ റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് മാറ്റാൻ പ്രവർത്തിക്കാമെന്നും കമൽഹാസൻ വ്യക്തമാക്കി.
ചെന്നൈയിൽ കൊവിഡിന് കടിഞ്ഞാണിടാൻ 'നാമേ തീർവു'മായി കമൽഹാസൻ - Makkal Needhi Maiam (MNM)
കക്ഷിരാഷ്ട്രീയ ഭേദമന്യേ കൊവിഡ് രോഗവ്യാപനത്തിനെതിരെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് കമൽഹാസൻ
ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തന്നെ പ്രവർത്തിക്കുന്ന സംരംഭമാണിത്. കൊവിഡ് രോഗവ്യാപന സാഹചര്യത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സന്നദ്ധപ്രവർത്തകരെ തയ്യാറാക്കും. ഇതിലൂടെ പൊതുയിടങ്ങളിൽ ഹാൻഡ് സാനിട്ടൈസറുകൾ ലഭ്യമാക്കും. മാസ്കുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ സംരംഭം തമിഴ്നാട് സർക്കാരിനോ കേന്ദ്രസർക്കാരിനോ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനെ അപേക്ഷിച്ച് കേരളം, കർണാടക, ഒഡിഷ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സർക്കാരുകൾ എൻജിഒകളുടെയും മറ്റുള്ളവരുടെയും സഹായം സ്വീകരിക്കേണ്ടതാണ്. കേരള സർക്കാർ ഇതിനോടകം തന്നെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ എൻജിഒ സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും കമൽഹാസൻ പറഞ്ഞു. അതേസമയം പാർട്ടിപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളേക്കാൾ കുറവാണ് സർക്കാർ റിപ്പോർട്ടെന്നും സർക്കാർ കണക്കുകളിൽ സുതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു.