വിശപ്പ് മാറ്റാൻ മോഷണം ; പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി - പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി
പട്ടിണി കിടന്നിരുന്ന സഹോദരങ്ങൾക്ക് ഭക്ഷണം വാങ്ങാനായി പെൺകുട്ടി ക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് പണം മോഷ്‌ടിച്ചു.
![വിശപ്പ് മാറ്റാൻ മോഷണം ; പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4620628-thumbnail-3x2-mp.jpg)
ഭോപ്പാല്‍:വിശപ്പടക്കാനായി ക്ഷേത്രത്തില്‍ നിന്ന് 250 രൂപ മോഷ്‌ടിച്ച പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശിലെ ടിക്കിറ്റോറിയ ക്ഷേത്രത്തില്‍ നിന്ന് 12 വയസുകാരി പെൺകുട്ടി 250 രൂപ മോഷ്‌ടിച്ചത്. പട്ടിണി കിടക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് പണം മോഷ്‌ടിക്കേണ്ടി വന്നതെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും പെൺകുട്ടിക്കും കുടുംബത്തിനും ഒരു ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്‌തത്. ജീവിതസാഹചര്യമാണ് കുട്ടിയെ തെറ്റായ പാതയിലേക്ക് നയിച്ചതെന്നും കുട്ടിക്ക് പഠന സഹായം നല്‍കുമെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്‌തു. സർക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികൾ പ്രകാരം കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും അധികാരികൾക്ക് അദ്ദേഹം നിർദേശം നൽകി.