ന്യൂഡൽഹി: ബിജെപി വർക്കിങ് പ്രസിഡന്‍റായി മുൻ കേന്ദ്രമന്ത്രി ജെ പി നദ്ദയെ നിയമിച്ചു. പാർട്ടി പ്രസഡന്‍റായി അമിത് ഷാ തുടരും. ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു ജെ പി നദ്ദ.
ബിജെപി പാർലമെന്‍ററി യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗത്തിൽ അമിത് ഷാ, സുഷമ സ്വരാജ്, രാജ്നാഥ് സിങ് എന്നിവർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശം എപ്പോഴും തനിക്ക് പ്രചോദനമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് രാജ്യത്തെ ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും ജെ പി നദ്ദ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷമായി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി വൻ വിജയങ്ങൾ സ്വന്തമാക്കി. ഇപ്പോൾ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുകയാണ്. അതിനാൽ പാർട്ടിയുടെ ചുമതല ആരെങ്കിലും ഏറ്റെടുക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു എന്നും അതുകൊണ്ട് ജെ പി നദ്ദയെ വർക്കിങ് പ്രസിഡന്‍റായി നിയമിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.