മാവോയിസ്റ്റ് ആക്രമണം; ജാര്‍ഖണ്ഡില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു
മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ പൊലീസുകാരുടെ ആയുധങ്ങൾ കവര്‍ന്ന് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡിലെ സരായ്കേല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജംഷഡ്‌പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബംഗാൾ- ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ പൊലീസുകാരുടെ ആയുധങ്ങൾ കവര്‍ന്ന് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് സംഭവത്തില്‍ അപലപിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സരായ്കേലയില്‍ കഴിഞ്ഞ മെയ് ഇരുപത്തിയെട്ടിന് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ചികിത്സയിലായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഇന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയിരുന്നു.