റാഞ്ചി:ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ച് ഝാർഖണ്ഡിലെ സേരായികെല ജില്ലയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു. ഷംസ് ടബ്രെസ് എന്നയാളെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആൾക്കൂട്ടം പിടികൂടിയത്. ഇയാളെ ഏഴ് മണിക്കൂറോളം കെട്ടിയിട്ട് മർദ്ദിച്ചു. ബുധനാഴ്‌ച രാവിലെ ഇയാൾ ബോധരഹിതനായപ്പോഴാണ് ആൾക്കൂട്ടം ഇയാളെ പൊലീസിൽ ഏൽപ്പിക്കുന്നത്. ഇന്നലെ ഇയാള്‍ മരണത്തിന് കീഴടങ്ങി. ഷംസിനെക്കൊണ്ട് 'ജയ് ശ്രീ രാം' എന്നും 'ജയ് ഹനുമാൻ' എന്നും വിളിപ്പിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഷംസിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഷംസിന് ചികിത്സ നൽകണമെന്ന ആവശ്യം പൊലീസ് നിഷേധിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഷംസിനെ മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.