ന്യൂഡൽഹി: ജാർഖണ്ഡിലെ ബൊക്കാരോയിൽ ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ കിടന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു. സ്വന്തമായി റേഷൻകാർഡോ ഭക്ഷണത്തിനുള്ള മാർഗമോ ഇല്ലാതിരുന്ന മീന മറാണ്ടിയും കുടുംബവും പട്ടിണിയിലാണെന്നും ഭിന്നശേഷിക്കാരി കൂടിയായ മീനയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുകയാണെന്നും പ്രദേശത്തെ പുരോഗമന സംഘടനയായ ജാർഖണ്ഡ് ജനാധികർ മഹാസഭ ട്വീറ്റ് ചെയ്‌തിരുന്നു. ഇവർക്ക് അടിയന്തിര വൈദ്യസഹായവും ഭക്ഷണവും നൽകാനുള്ള നടപടികൾ ഉണ്ടാവണമെന്നും ഇവർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
പട്ടിണി മൂലം ജാർഖണ്ഡിൽ ഭിന്നശേഷിക്കാരി മരിച്ചു - hungry death in jharkhand
സ്വന്തമായി റേഷൻകാർഡോ ഭക്ഷണത്തിനുള്ള മാർഗമോ ഇല്ലാത്ത ഭിന്നശേഷിക്കാരിക്കും കുടുംബത്തിനും അടിയന്തര വൈദ്യസഹായവും ഭക്ഷണവും നൽകാനുള്ള നടപടികൾ ഉണ്ടാവണമെന്ന് പ്രദേശത്തെ സംഘടന അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല

എന്നാൽ, മീനക്ക് ഭക്ഷണം ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടിയുടെ ആരോഗ്യം വഷളാകുകയായിരുന്നെന്നും തുടർന്ന് ഇവർ മരിച്ചതായും ജനാധികർ മഹാസഭ പിന്നീട് അറിയിച്ചു. പ്രാദേശിക ഭരണകൂടവും പഞ്ചായത്തും വിശപ്പ് മൂലമല്ല ഭിന്നശേഷിക്കാരി മരിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്ന കുറിപ്പ് അവളുടെ മാതാക്കളിൽ നിന്നും രേഖപ്പെടുത്തി വാങ്ങിയെന്നും സംഘടന ട്വിറ്ററിൽ കുറിച്ചു. ഭിന്നശേഷിക്കാരി പട്ടിണി കിടന്ന് ആരോഗ്യം വഷളായാണ് മരിച്ചതെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദേശീയ വനിതാ കമ്മീഷൻ ചീഫ് സെക്രട്ടറി സുഖ്ദേവ് സിംഗിന് കത്തയച്ചിട്ടുണ്ട്.