ന്യൂഡൽഹി: എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷയുടെ അഡ്‌മിറ്റ് കാർഡ് ഉടനെ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ദേശിയ പരീക്ഷാ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജെഇഇ മെയിൻ 2020 അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കാനാണ് സാധ്യത. ഹാൾ ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കുക. (jeemain.nta.nic.in.) എഞ്ചിനിയറിങ് പ്രവേശന പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും അറിയിപ്പുകളും വിദ്യാർഥികൾക്ക് നേരിട്ട് nta.ac.in ൽ ലോഗിൻ ചെയ്യുന്നതിലൂടെ ലഭിക്കും.
പരീക്ഷയ്ക്ക് 15 ദിവസം മുമ്പായി അഡ്മിറ്റ് കാർഡ് ലഭ്യമാകും
ദേശിയ പരീക്ഷാ അതോറിറ്റി നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ജെഇഇ പരീക്ഷക്ക് 15 ദിവസം മുന്നോടിയായി അഡ്‌മിറ്റ് കാർഡ് പുറത്തിറക്കണം. ജെഇഇ 2020 മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ നാളെയോ അടുത്ത ദിവസങ്ങളിലോ ആയി അഡ്‌മിറ്റ് കാർഡ് പുറത്തിറക്കാനാണ് സാധ്യത. എന്നാൽ ഇതുവരെ ദേശീയ പരീക്ഷ അതോറിറ്റി അഡ്‌മിറ്റ് കാർഡ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തിയിട്ടില്ല.
അഡ്‌മിറ്റ് കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യേണ്ട വിധം
ജെഇഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണ് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. പരീക്ഷക്ക് 10 ലക്ഷത്തിലധികം വിദ്യാർഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. അതിനാൽ ഔദ്യോഗിക വെബ്‌സൈറ്റിന് സാങ്കേതിക പ്രശ്‌നങ്ങളോ ഡൗൺലോഡിങ്ങിനെ തടസപ്പെടുത്തുന്ന പ്രശ്‌നങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.