ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ-ജപ്പാന്‍ ഉച്ചകോടിക്ക് വേദിയാകുന്ന ഗുവാഹത്തിയില്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ അരങ്ങേറുന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവെക്കുന്നത്.
ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചേക്കും
പൗരത്വ(ഭേദഗതി)നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനം മാറ്റിവെച്ചേക്കുമെന്ന സൂചന
ഡിസംബർ 15 മുതൽ 17 വരെയായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ രണ്ട് ദിവസമായി വന്‍ പ്രതിഷേധമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
ആബെയെ സ്വാഗതം ചെയ്‌തുകൊണ്ട് ഗുവാഹത്തിയില്‍ സ്ഥാപിച്ച ഹോർഡിങ്ങുകൾ പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുവാഹത്തിയിൽ സുരക്ഷാ സ്ഥിതി വഷളായതിനാൽ ആബെ തന്‍റെ യാത്ര റദ്ദാക്കാൻ ആലോചിക്കുന്നതായി ജപ്പാനിലെ ജിജി പ്രസ് റിപ്പോർട്ട് ചെയ്‌തത്. ഇക്കാര്യത്തില്‍ യാതൊരുവിധ പുതിയ വിവരങ്ങളും ലഭ്യമല്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ജപ്പാനീസ് സംഘം ബുധനാഴ്‌ച ഗുവാഹത്തി സന്ദർശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.