ബെംഗളൂരു: പ്രകൃതി സൗഹൃദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്ലാസ്റ്റിക്കിനോട് വിടപറയുന്നു. സോളാര്‍ പവര്‍, ബയോ ഗ്യാസ് തുടങ്ങിയ വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ശേഷമാണ് പ്ലാസ്‌റ്റിക് കുപ്പികള്‍ സംസ്‌കരിക്കാനുള്ള മെഷീൻ സ്ഥാപിക്കുന്നത്.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പ്ലാസ്റ്റിക് 'ഔട്ട്'; പരിസ്ഥിതി സൗഹൃദമായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ - Chinnaswamy stadium
പ്ലാസ്‌റ്റിക് കുപ്പികള്‍ സംസ്‌കരിക്കാനുള്ള മെഷീന്‍ സ്‌റ്റേഡിയത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപിച്ചു.

ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ച മെഷീന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും. 1983 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗവുമായിരുന്ന റോജര്‍ ബിന്നി ഉദ്‌ഘാടനം ചെയ്‌തു. ഭൂരിഭാഗം പ്ലാസ്‌റ്റിക് കുപ്പികളും പുതിയ മെഷീനിലൂടെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും. സ്‌റ്റേഡിയത്തില്‍ പ്ലാസ്‌റ്റിക് കുപ്പികള്‍ നിരോധിക്കുന്നത് അടക്കമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റോജര്‍ ബിന്നി പറഞ്ഞു. റിലയന്‍സ് ഇൻഡസ്ട്രീസ് സ്‌പോണ്‍സര്‍ ചെയ്‌ത മെഷീന്‍ ബയോക്രക്‌സ് ഇന്ത്യയുടെ സഹായത്തോടെയാണ് സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷം നാല് ലക്ഷം കുപ്പികള്‍ ഈ മെഷീൻ ഉപയോഗിച്ച് നിര്‍മാര്‍ജനം ചെയ്യാം. സംസ്‌കരിക്കുന്ന പ്ലാസ്‌റ്റിക് ഉപയോഗിച്ച് തൊപ്പി, ഷൂ തുടങ്ങിയവ നിര്‍മിക്കാനാകും.
മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാകാന്‍ കൂടി വേണ്ടിയാണ് തങ്ങള്‍ ഇങ്ങനൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് റോജർ ബിന്നി പറഞ്ഞു. ഇത്തരം ചെറിയ പദ്ധതികള്‍ വഴി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയും. കുട്ടികള്‍ക്കിടയില്‍ മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച അവബോധം ഉണ്ടാക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിയുമെന്നും റോജര്‍ ബിന്നി അഭിപ്രായപ്പെട്ടു.