ഇന്‍ഡോര്‍:പല ഇന്ത്യന്‍ നഗരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോൾ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു ഗ്രാമം പുതിയൊരു മാതൃക സൃഷ്‌ടിക്കുകയാണ്. ഇന്‍ഡോറില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിന്തോഡ ഗ്രാമമാണ് ഒറ്റത്തവണ പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി, വെറും 80 ദിവസത്തിനുള്ളിൽ തന്നെ പ്ലാസ്റ്റിക് മുക്ത ഗ്രാമമെന്ന ഖ്യാതി നേടിയത്.
80 ദിവസത്തിനുള്ളില്‍ പ്ലാസ്റ്റിക് മുക്ത ഗ്രാമമായി മാറിയ 'നീലഗ്രാമം'
ഇന്‍ഡോറിലെ സിന്തോഡ ഗ്രാമമാണ് ഒറ്റത്തവണ പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി, വെറും 80 ദിവസത്തിനുള്ളിൽ തന്നെ പ്ലാസ്റ്റിക് മുക്ത ഗ്രാമമെന്ന ഖ്യാതി നേടിയത്.
ഗ്രാമത്തിലെ ഓരോ വീടിനും നീലനിറമായതിനാല്‍ മധ്യപ്രദേശിലെ 'നീലഗ്രാമം' എന്നറിയപ്പെടുന്ന സിന്തോഡ ഇന്ന് പ്ലാസ്റ്റിക് മുക്ത ഗ്രാമം കൂടിയാണ്. വീട്ടുചുമരുകളിലും മതിലുകളിലും വിരിയുന്ന നീല വര്‍ണത്തിലൂടെ തങ്ങളുടെ ഗ്രാമം പ്ലാസ്റ്റിക് മുക്തമാണെന്ന സന്ദേശം കൂടി നാട്ടുകാര്‍ പകരുന്നു. സിന്തോഡയിലെ മതിലുകൾ മുഴുവന്‍ പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളും ശുചിത്വ സന്ദേശങ്ങളും കൊണ്ട് മനോഹരമാക്കിയവയാണ്. ഒപ്പം സിന്തോഡ ഗ്രാമത്തിലേക്കെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ മരം തുണിസഞ്ചികളാല്‍ അലങ്കരിച്ചിരിക്കുന്നു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് സിന്തോഡയിലെ ജനങ്ങൾ ഗ്രാമത്തിലെ 385 വീടുകളും പ്ലാസ്റ്റിക് മുക്തമാക്കാന്‍ കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് തീരുമാനമെടുത്തത്. പഞ്ചായത്ത് അധികൃതര്‍ ഗ്രാമത്തില്‍ ബോധവല്‍ക്കരണ പരിപാടികൾ ആരംഭിക്കുകയും വെറും 80 ദിവസത്തിനുള്ളില്‍ തന്നെ നേട്ടം കൈവരിക്കുകയും ചെയ്‌തു. തുടക്കത്തില്‍ നാട്ടുകാര്‍ ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും പിന്നീട് അവര്‍ പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാന്‍ തുടങ്ങി. ഒറ്റത്തവണ പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ ഗ്രാമത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ചവറ്റുവീപ്പകൾ സ്ഥാപിച്ചു. ഓരോ കടകളിലെയും വീടുകളിലെയും പ്ലാസ്റ്റിക് ഉപയോഗം നിരീക്ഷിക്കാന്‍ പത്തോളം സംഘങ്ങളെയും ഏര്‍പ്പാടാക്കി. മഹാത്മാഗാന്ധിയുടെ തത്വചിന്തകളിലൂടെ ശുചിത്വഭാരതത്തിന് വേണ്ടി സിന്തോഡ ഗ്രാമം പുതിയൊരു മാതൃക സൃഷ്‌ടിച്ച് മുന്നേറുകയാണ്.