കേരളം

kerala

ETV Bharat / bharat

മെഹ്ബൂബ മുഫ്‌തി, ഒമർ അബ്‌ദുള്ള അടക്കമുള്ള നേതാക്കൾ വീട്ടുതടങ്കലിൽ - House Arrest

ശ്രീനഗറിലും ജമ്മു കശ്‌മീർ താഴ്വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കശ്‌മീർ

By

Published : Aug 5, 2019, 3:32 AM IST

Updated : Aug 5, 2019, 6:30 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളായ മെഹ്ബൂബ മുഫ്‌തി, ഒമർ അബ്‌ദുള്ള, സജ്ജാദ് ലോൺ എന്നിവരെ വീട്ടുതടങ്കലിലാക്കി. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ നടത്തി വിനോദ സഞ്ചാരികളോടും തീർഥാടകരോടും കശ്‌മീരിൽ നിന്ന് മടങ്ങി പോകാൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അർധരാത്രിയോടെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിലും ജമ്മു കശ്‌മീർ താഴ്വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകൾ അടച്ചിടാനും നിർദേശം. മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ പൂർണമായും ഒഴിപ്പിച്ചതിന് ശേഷമാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

സമാധാനത്തിനു വേണ്ടി പോരാടുന്ന ഞങ്ങളെപ്പോലുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വീട്ടുതടങ്കലിലാക്കിയത് എത്ര വിരോധാഭാസമാണ്. ജമ്മു കശ്മീരിലെ ജനങ്ങളും അവരുടെ ശബ്ദങ്ങളും അസ്വസ്ഥമാകുന്നത് ലോകം നിരീക്ഷിക്കുന്നുണ്ട്. മതേതര ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്‌മീർ സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം അടിച്ചമർത്തലിനെ അഭിമുഖീകരിക്കുന്നുണ്ടെന്നും മെഹ്ബൂബ മുഫ്‌തി ട്വിറ്ററിൽ കുറിച്ചു. അതേസമയം കൂടുതൽ നേതാക്കളെ വീട്ടുതടങ്കലിലാക്കാൻ സാധ്യതയുണ്ടെന്ന് ഒമർ അബ്ദുള്ളയും ട്വീറ്റ് ചെയ്തു.

കശ്‌മീരിനുള്ള പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവയിന്മേൽ കേന്ദ്രസർക്കാർ നിർണായക തീരുമാനം കൈക്കൊള്ളാൻ പോകുകയാണെന്ന് അഭ്യൂഹം പരക്കുന്നതിനിടെയാണ് അസാധാരണ നടപടികൾ കശ്‌മീരിൽ അരങ്ങേറുന്നത്. കശ്‌മീരിൽ ഭീകരാക്രമണത്തിന് പാക് സൈന്യം ലക്ഷ്യമിടുന്നുവെന്ന് ഇന്‍റിലിജൻസ് റിപ്പോർട്ട് ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇതിന്‍റെ പശ്ചാത്തലത്തിൽ 35,000ത്തോളം സൈനികരെ കശ്‌മീരിൽ വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു.

Last Updated : Aug 5, 2019, 6:30 AM IST

ABOUT THE AUTHOR

...view details