ന്യൂഡല്‍ഹി:ജമ്മുകശ്‌മീരിലെ ഇന്‍റര്‍നെറ്റ് വിച്ഛേദത്തിനെതിരെയുള്ള ഹര്‍ജികളില്‍ ആഗസ്റ്റ് 5ന് വാദം കേള്‍ക്കരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത എന്നിവരാണ് സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5 നാണ് ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കി ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. വാദം കേള്‍ക്കാന്‍ ജമ്മു കശ്‌മീര്‍ സര്‍ക്കാറിലെയും ആഭ്യന്തര വകുപ്പിലെയും ഉദ്യോഗസ്ഥരെ ലഭ്യമാകില്ലെന്നും അന്നേ ദിവസം തന്നെ വാദം കേള്‍ക്കരുതെന്നും നീട്ടിവെക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്ന് സുപ്രീംകോടതി വാദം കേള്‍ക്കുന്നത് ആഗസ്റ്റ് ഏഴിലേക്ക് നീട്ടി.
ജമ്മു കശ്‌മീരിലെ ഇന്‍റര്‍നെറ്റ് വിച്ഛേദം; ആഗസ്റ്റ് ഏഴിന് സുപ്രീംകോടതി വാദം കേള്‍ക്കും - ആഗസ്റ്റ് 5ന് വാദം കേള്‍ക്കരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5നാണ് ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കി ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതെന്ന് കോടതിയെ അറിയിച്ച കേന്ദ്രം വാദം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സുപ്രീംകോടതി വാദം കേള്‍ക്കുന്നത് ആഗസ്റ്റ് 7ലേക്ക് നീട്ടി
ജമ്മു കശ്‌മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന ഹര്‍ജി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു പരിഗണിച്ചിരുന്നത്. 4ജി ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മാധ്യമങ്ങളില്‍ പ്രസ്‌താവന നടത്തിയിരുന്നെന്നും ശുപാര്‍ശ അയച്ചതായി വ്യക്തമാക്കിയതായും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമദി കോടതിയില്‍ പറഞ്ഞു. എന്നാല്‍ കശ്‌മീരില്‍ 4ജി സേവനങ്ങള്‍ പുനസ്ഥാപിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറഞ്ഞത്. ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കരുതെന്നാണ് ഉന്നതതല സമിതി പറയുന്നതെന്നും എന്നാല്‍ കേന്ദ്ര ഭരണ പ്രദേശത്തിന് തീരുമാനമെടുക്കാമെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഐടി വകുപ്പ് തലവന്‍ അനുമതി നല്‍കുകയാണെങ്കില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കാമെന്ന് ഹുസേഫ അഹമദി പറഞ്ഞു.