ന്യൂഡൽഹി: ജാമിയ മിലിയയിൽ 15 അമുസ്ലീം വിദ്യാർഥികളെ തോൽപ്പിച്ചുവെന്ന ട്വീറ്റ് ചെയ്‌ത അധ്യാപകന് സസ്പെൻഷൻ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനെ തുടർന്നാണ് വിദ്യാർഥികളെ പരാജയപ്പെടുത്തിയെന്നായിരുന്നു അധ്യാപകന്‍റെ ട്വീറ്റ്. യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്‍റ് പ്രെഫസറായ ഡോ. അബ്രാർ അഹ്മദ് ബുധനാഴ്‌ചയാണ് വിവാദ പ്രസ്‌താവന ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ട്വീറ്റ് വിവാദമായതിന് പിന്നാലെ ട്വീറ്റ് സറ്റെയർ ആണെന്ന് പറഞ്ഞ് പ്രെഫസർ രംഗത്തെത്തി.
അമുസ്ലീം വിദ്യാർഥികളെ തോൽപ്പിച്ചുവെന്ന ട്വീറ്റ് ; അധ്യാപകന് സസ്പെൻഷൻ
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച 15 അമുസ്ലീം വിദ്യാർഥികളെ പരീക്ഷയിൽ പരാജയപ്പെടുത്തിയെന്നായിരുന്നു ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍റെ ട്വീറ്റ്.
സർക്കാർ കാണിക്കുന്ന വിവേചനമാണ് ട്വീറ്റിലൂടെ പറയാൻ ശ്രമിച്ചതെന്നും ഇത്തരത്തിൽ ഒരു പരീക്ഷ നടന്നിട്ടില്ലെന്നും ഞാൻ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്ന മറുപടിയുമായി അധ്യാപകൻ തുടർന്ന് രംഗത്തെത്തി. 12 വർഷത്തെ അധ്യാപക ജീവിതത്തിൽ തനിക്ക് നേരെ ആരും വിവേചനം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അധ്യാപകൻ പറഞ്ഞു. അന്വേഷണ വിധേയമായി അബ്രാർ അഹ്മദിനെ യൂണിവേഴ്‌സിറ്റി സസ്പെൻഡ് ചെയ്‌തു. അധ്യാപകന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ചയാണ് വന്നിരിക്കുന്നതെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പ്രതികരിച്ചു.