ന്യൂഡൽഹി: ജാമിയ മിലിയയിൽ വെടിവെയ്‌പ് നടത്തിയ പ്രതിയെ സംരക്ഷണ കസ്റ്റഡിയിൽ വിട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് പ്രതിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. പ്രതിയുടെ പ്രായം പരിശോധിക്കുന്നതിനായി ആർഎംഎൽ ആശുപത്രിയിൽ പരിശോധനകൾ നടത്തിയിരുന്നു. പ്രതിയെ അസ്ഥി പരിശോധനക്ക് വിധേയമാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.
ജാമിയ മിലിയ വെടിവെയ്‌പ്; പ്രതിയെ സംരക്ഷണ കസ്റ്റഡിയിൽ വിട്ടു
ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രതിയെ 14 ദിവസത്തേക്ക് സംരക്ഷണ കസ്റ്റഡിയിൽ വിട്ടത്
താൻ ചെയ്‌ത പ്രവർത്തിയിൽ പശ്ചാത്താപമില്ലെന്ന് പ്രതി പറഞ്ഞു. പ്രതിയുടെ ഗ്രാമത്തിൽ നിന്നാണ് അയാൾക്ക് തോക്ക് ലഭിച്ചതെന്നും ചന്ദ്രൻ ഗുപ്‌തയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഇയാൾ ഡൽഹിയിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 2018 ജനുവരി 26ന് കസ്‌ഗഞ്ച് കലാപത്തിലാണ് ഗുപ്‌ത കൊല്ലപ്പെട്ടത്. പൊലീസ് സന്നാഹത്തിന്‍റെ മുന്നിൽ വച്ചാണ് വ്യാഴാഴ്‌ച പ്രതി വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. ഒരു സംഘടനയുമായും പ്രതിക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 307, ആയുധ നിയമത്തിലെ 25/27 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.