ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ സഹോദരൻ മുഫ്തി അബ്ദുള്‍ റൗഫിനെ പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കി. ഭീകരപ്രവർത്തനത്തിനെതിരെയും പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ക്കെതിരെയും നടപടിയെടുക്കാൻ ലോക രാജ്യങ്ങള്‍ സമ്മർദ്ദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
മസൂദ് അസ്ഹറിന്‍റെ സഹോദരനെ പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കി - jaish chief-
മുഫ്തി അബ്ദുള്‍ റൗഫ് ഉള്‍പ്പടെ 44 പേരെയാണ് പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.
മുഫ്തി അബ്ദുള്‍ റൗഫ് ഉള്‍പ്പടെ 44 ഭീകരസംഘടനാ നേതാക്കളെ തടങ്കലിലാക്കിയതായാണ് പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാസമിതിയെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം നടപടികള്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യ പാകിസ്ഥാന് കൈമാറിയ രേഖകളിൽ റൗഫിന്‍റെ വിവരവും ഉള്‍പ്പെട്ടതായാണ് റിപ്പോർട്ട്. അതേ സമയം എന്തെങ്കിലും തരത്തിലുളള സമ്മർദ്ദത്തിന്‍റെ ഫലമായല്ല നടപടിയെന്നും പാകിസ്ഥാൻ വിശദീകരിച്ചു.
44 പേരെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് മുമ്പായി നിരോധിത സംഘടനകളുടെ വസ്തുവകകള്‍ പാകിസ്ഥാൻ കണ്ടുകെട്ടുകയും ചെയ്തിരുന്നു. രാജ്യത്തെ ഭീകരവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ടാസ്ക്ക് ഫോഴ്സ് പാകിസ്ഥാന് മുന്നിൽ വച്ച സമയ പരിധി അവസാനിക്കാനിരിക്കെയാണ് നടപടി. ഭീകരവാദ പ്രവർത്തനങ്ങള്‍ക്കുളള സാമ്പത്തിക സഹായം തടയുകയാണ് പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ടാസ്ക്ക് ഫോഴ്സിന്‍റെ ലക്ഷ്യം.