ജയ്‌പൂർ: രാജസ്ഥാനിലെ പല പ്രദേശങ്ങളിലും അതിശൈത്യം തുടരുന്നു. ജയ്‌പൂരില്‍ ഏറ്റവും കുറഞ്ഞ താപനില 1.4 ഡിഗ്രി സെല്‍ഷ്യസാണ്. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. കനത്ത മൂടല്‍ മഞ്ഞും ശീതകാറ്റും സാധാരണ ജനജീവിതത്തെ ബാധിച്ചുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജയ്പൂരില്‍ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില - ജയ്പൂരില്‍ അതിശൈത്യം
രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ ശീതകാറ്റ് തുടരുകയാണെന്നും ജയ്‌പൂരിലെ ഏറ്റവും കുറഞ്ഞ താപനില 1.4 ഡിഗ്രി സെൽഷ്യസാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

1964 ഡിസംബർ പതിമൂന്നിന് ജയ്‌പൂരിലെ ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ ആയിരുന്നെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനായ മൗണ്ട് അബുവില്‍ രേഖപ്പെടുത്തിയത് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. സിക്കാർ പൂജ്യം ഡിഗ്രി സെൽഷ്യസും, ചുരു (1.2 ഡിഗ്രി സെൽഷ്യസ്), പിലാനി (1.6 ഡിഗ്രി സെൽഷ്യസ്), ബനസ്താലി (1.8 ഡിഗ്രി സെൽഷ്യസ്), ബുഡി (2 ഡിഗ്രി സെൽഷ്യസ്), ബിക്കാനീർ (2.6 ഡിഗ്രി സെൽഷ്യസ്), കോട്ട (2.8 ഡിഗ്രി സെൽഷ്യസ്), ജയ്‌സാൽമർ (3 ഡിഗ്രി സെൽഷ്യസ്) എന്നിങ്ങനെയാണ് സംസ്ഥാനത്തെ താപനില.
പിലാനി, ചുരു, ടോങ്ക്, ജയ്‌പൂര്‍, കോട്ട, സ്വായ് മാധോപൂർ, ബുണ്ടി, ബിക്കാനീർ, ശ്രീഗംഗനഗർ, ജയ്സാൽമീർ എന്നീ ജില്ലകളില്‍ മൂടൽ മഞ്ഞ് ഗതാഗതത്തെ ബാധിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.