ജയ്പൂർ: പേപ്പർ ക്വില്ലിങ് ടെക്നിക് ഉപയോഗിച്ച് സർദാർ വല്ലഭായ് പട്ടേലിന്‍റെ ഛായാചിത്രം നിർമിച്ചിരിക്കുകയാണ് ജയ്പൂരിൽ നിന്നുള്ള ഏഴുവയസ്സുകാരൻ ജയദിത്യ. സർദാർ വല്ലഭായ് പട്ടേലിന്‍റെ 44 × 28 ഇഞ്ച് ഛായാചിത്രമാണ് ഈ കൊച്ചുമിടുക്കൻ വെറും രണ്ട് മാസം കൊണ്ട് തയ്യാറാക്കിയത്.
0.5 × 30 സെന്‍റിമീറ്റർ വീതമുള്ള 1600 പേപ്പർ സ്ട്രിപ്പുകൾ ഇതിനായി ഉപയോഗിച്ചതായി ജയദിത്യ പറയുന്നു. ഓരോ സ്ട്രിപ്പുകളും ശ്രദ്ധയോടെ കൈകൊണ്ട് ഉരുട്ടി കൃത്യമായി യോജിപ്പിച്ചാണ് ഛായാചിത്രം രൂപപ്പെടുത്തിയത്. മുഖത്തിന് വ്യത്യസ്ത നിറങ്ങളിലുള്ള പേപ്പർ സ്ട്രിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രചോദനമായത് സഹോദരി
ഛായാചിത്രം തയ്യാറാക്കുക ഒരു കൊച്ചുകുട്ടിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. ജയദിത്യയ്ക്ക് കുടുംബത്തിന്‍റെ മുഴുവൻ പിന്തുണയും ലഭിച്ചു. അതേസമയം, മുത്തശ്ശിയുടെയും സഹോദരിയുടെയും പ്രചോദനം ഉൾക്കൊണ്ടാണ് അവൻ ഇത് പൂർത്തിയാക്കിയത്. ചെറുപ്രായത്തിൽ തന്നെ പരിശീലനം ലഭിച്ച ഒരു കലാകാരനെപ്പോലെ ഛായാചിത്രങ്ങൾ നിർമിക്കാൻ തന്നെ സഹായിച്ചതും സഹോദരിയാണെന്ന് ജയദിത്യ പറയുന്നു.
സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയുടെ അയൺ മാൻ ആണെന്നും ഛായാചിത്രം പട്ടേലിന്‍റെ സ്മരണയ്ക്കായി സമർപ്പിക്കുന്നതായും ജയാദിത്യ പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന്‍റെ 145-ാം ജന്മവാർഷികം
എന്‍റെ കുട്ടികൾ ഇത് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നുവെന്ന് ജയദിത്യയുടെ അമ്മ ഡോ. അനിത ഗൗതം പറഞ്ഞു.കുട്ടികൾക്ക് ലോക്ക്ഡൗൺ വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, കുട്ടികളെ സ്മാർട്ട്‌ഫോണുകളിൽ നിന്നോ ടിവികളിൽ നിന്നോ അകറ്റി നിർത്താനുള്ള ഒരു മാർഗമായിരുന്നു സർഗ്ഗാത്മകത. ഈ കാരണത്താലാണ് ജയദിത്യ ഇന്ന് ഈ അവിശ്വസനീയമായ ഛായാചിത്രം സൃഷ്ടിച്ചതെന്നും അവർ പറയുന്നു.
ജയദിത്യയുടെ സഹോദരി റെക്കോഡ് ഉടമ
ജയദിത്യയുടെ സഹോദരി സാൻവി ഗൗതം നേരത്തെ ഛായാചിത്രങ്ങൾ സൃഷ്ടിച്ച് ലോക റെക്കോഡ് നേടിയ വ്യക്തിയാണ്. ഇപ്പോൾ ഇളയ സഹോദരനും സഹോദരിയുടെ പാത പിന്തുടരുന്നു. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ സർദാർ പട്ടേൽ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്
ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആദ്യത്തെ ആഭ്യന്തരമന്ത്രിയുമായ സർദാർ പട്ടേൽ 565 നാട്ടുരാജ്യങ്ങളെ ഒരു രാജ്യമായി ലയിപ്പിച്ചു. അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണം, വിവേകം, നയതന്ത്ര കഴിവുകൾ, നയം എന്നിവ തന്‍റെ കലാസൃഷ്ടിയ്ക്ക് അർഥമ സൃഷ്ടിക്കുന്നതായി ജയാദിത്യ പറയുന്നു.
ഛായാചിത്രത്തിനായി ജയദിത്യയുടെ ബന്ധുക്കൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനായി അപേക്ഷ നൽകിയിട്ടുണ്ട്.
ഒക്ടോബർ 31നാണ് സർജാർ പട്ടേൽ ഗുജറാത്തിലെ കരംസാദിൽ ജനിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 562 രാജാക്കന്മാരെ ഒന്നിപ്പിച്ച് ഏകീകൃത ഇന്ത്യ സൃഷ്ടിക്കാൻ അദ്ദേഹം നൽകിയ സംഭാവനകളെ തുടർന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം ദേശീയ സംയോജന ദിനമായി ആചരിക്കപ്പെടുന്നു.