അമരാവതി: ആന്ധ്രാപ്രദേശിൽ സിംഗപൂർ കമ്പനികളുടെ സഹകരണത്തോടെ നടത്താനുദ്ദേശിച്ച അമരാവതി ക്യാപിറ്റൽ സിറ്റി സ്റ്റാർട്ടപ്പ് പദ്ധതി നിർത്തിവച്ചു. സംസ്ഥാനത്തിന്‍റെ പുതിയ തലസ്ഥാനനഗരിയായ നിര്‍ദേശിക്കപ്പെട്ടിരുന്ന അമരാവതിയുടെ വികസനത്തിന് ഒരുക്കിയ പദ്ധതിയായിരുന്നു ക്യാപിറ്റൽ സിറ്റി സ്റ്റാർട്ടപ്പ് പദ്ധതി. കൃഷ്ണ നദിയുടെ തീരത്ത് 6.84 ചതുരശ്ര കിലോമീറ്ററില്‍ സ്റ്റാർട്ടപ്പ് ഏരിയ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി നിര്‍ത്തിവയ്ക്കുകയാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരാണ് പ്രഖ്യാപിച്ചത്.
പദ്ധതിയെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താനായില്ല. തുടർന്ന് പരസ്‌പര സമ്മതത്തോടെയാണ് പദ്ധതി നിർത്തിവച്ചതെന്ന് ആന്ധ്ര മുനിസിപ്പൽ-നഗരവികസന മന്ത്രി ബോത്സ സത്യനാരായണ പറഞ്ഞു. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും പദ്ധതി നടപ്പിലാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ചും വിശദീകരിക്കാൻ സിംഗപൂര്‍ ആസ്ഥാനമായ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായി ബോത്സ സത്യനാരായണ പറഞ്ഞു.
എന്നാൽ ആന്ധ്രയുടെ പുതിയ സർക്കാർ സംസ്ഥാനത്തിന് മറ്റ് മുൻഗണനകൾ നൽകാനാണ് താൽപര്യപ്പെടുന്നതെന്ന് മന്ത്രി എസ്. ഈശ്വരൻ അറിയിച്ചു. സ്റ്റാർട്ടപ്പ് ഏരിയയുമായി മുന്നോട്ട് പോകേണ്ടെന്നാണ് സർക്കാർ തീരുമാനം. അതിനാൽ തങ്ങളുടെ സംയുക്ത വികസന കമ്പനിയായ അമരാവതി ഡവലപ്‌മെന്‍റ് പാർട്‌ണേഴ്‌സും (എ.ഡി.പി) ആന്ധ്രാപ്രദേശ് സർക്കാരും പരസ്‌പര സമ്മതത്തോടെ പദ്ധതി അവസാനിപ്പിക്കുകയാണെന്നും എസ്. ഈശ്വരൻ പറഞ്ഞു. സിംഗപൂര്‍ അമരാവതി ഇൻവെസ്റ്റ്‌മെന്‍റ് ഹോൾഡിങ്സും (സായ്) പദ്ധതി അവസാനിപ്പിക്കുകയാണെന്ന വിവരം അറിയിച്ചു.
പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം അമരാവതിയുടെ വികസനത്തിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ സ്ഥാപനമാണ് സിംഗപൂര്‍ കൺസോർഷ്യം. ഇതിന് മുമ്പ് ലോക ബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചര്‍ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും (എ.ഐ.ഐ.ബി) അമരാവതിയുടെ വികസനത്തിന് ധനസഹായം നൽകുന്ന പദ്ധതി പിൻവലിച്ചിരുന്നു. അമരാവതി ക്യാപിറ്റൽ സിറ്റി സ്റ്റാർട്ടപ് ഏരിയ പ്രോജക്‌ടിനായി സംസ്ഥാന സർക്കാരും സിംഗപൂര്‍ കൺസോർഷ്യവും 2017 ലാണ് ഒപ്പുവെക്കുന്നത്. എൻ. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെയാണ് കരാർ ഒപ്പിട്ടത്. അധികാരം നഷ്ടമായ നായിഡുവിന്‍റെ സ്വപ്‌ന പദ്ധതിയായിരുന്നു അമരാവതി. പിന്നീട് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, പ്രധാന പദ്ധതികൾ അവലോകനം ചെയ്യാൻ തീരുമാനിച്ചതിൽ അമരാവതിയിലെ വികസന പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.
അമരാവതിയുടെ പദ്ധതി അവലോകനം ചെയ്യുന്നതിനായി നഗര ആസൂത്രണ വിദഗ്‌ധരടങ്ങുന്ന അഞ്ചംഗ സമിതിയെ സർക്കാർ കഴിഞ്ഞ മാസം രൂപീകരിച്ചിരുന്നു. തലസ്ഥാന നഗരമെന്ന നിലയിൽ അമരാവതിയിലെ വികസന പ്രവർത്തനങ്ങൾ തുടരണമോ അതോ മറ്റൊരു സ്ഥലം തേടണോ എന്ന കാര്യത്തില്‍ പാനലിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും.