ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയിൽ നിന്ന് മാറ്റുന്ന വിഷയത്തില്‍ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. തലസ്ഥാന വികേന്ദ്രീകരണത്തിനെതിരെയുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്ന ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ലെജിസ്ലേറ്റീവ് കൗണ്‍സിലിന്‍റെ തീരുമാനം. സംസ്ഥാനത്തിന്‍റെ വളർച്ചയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും എല്ലാ പ്രദേശങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം എന്ന ആശയം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയെ അറിയിച്ചു.
തലസ്ഥാന വികേന്ദ്രീകരണം; ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയെ കണ്ടു - നരേന്ദ്ര മോദി
സംസ്ഥാനത്തിന്‍റെ വളർച്ചയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും എല്ലാ പ്രദേശങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം എന്ന ആശയം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയെ അറിയിച്ചു
തലസ്ഥാന വികേന്ദ്രീകരണമുൾപ്പടെ സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള മെമ്മോറാണ്ടം ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. നിലവിലെ ആന്ധ്രാ പ്രദേശിന്‍റെ തലസ്ഥാനമായ അമരാവതിയെ ലെജിസ്ലേറ്റീവ് ക്യാപിറ്റൽ, തുറമുഖ നഗരമായ വിശാഖപട്ടണത്തെ എക്സിക്യൂട്ടീവ് ക്യാപിറ്റൽ, കർനൂളിനെ ജുഡീഷ്യറി ക്യാപിറ്റൽ എന്നിങ്ങനെയാക്കി മാറ്റുക എന്നതായിരുന്നു ആന്ധ്ര സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാന മന്ത്രിസഭ ഇത് അംഗീകരിച്ചതായി പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തീരുമാനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്ര നിയമ മന്ത്രാലയം നിർദേശം നൽകണമെന്ന് ജഗൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ തെലുങ്ക് പുതുവത്സര ദിനമായ മാർച്ച് 25ന് സംസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ജഗൻ മോഹൻ റെഡ്ഡി ക്ഷണിച്ചു. പരിപാടിയില്‍ സംസ്ഥാനത്തെ 25 ലക്ഷം നിര്‍ധനരായ കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനുള്ള ഭൂമി വിതരണം ചെയ്യും.