ശ്രീനഗർ: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. നാല് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെയും സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ചുമുല്ല പ്രദേശത്ത് ശനിയാഴ്ചയാണ് ഏറ്റുമുട്ടൽ നടന്നത്.
കശ്മീരില്‍ ഏറ്റുമുട്ടൽ; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു - രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ്
ഒരു കേണലും മേജറും പൊലീസ് ഉദ്യോഗസ്ഥനുമടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ നാല് കരസേനാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഇവരിൽ ഒരു കേണലും മേജറും ഉൾപ്പെടും. 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസറായ കേണൽ അശുതോഷ് ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം നിരവധി വിജയകരമായ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വലിയ തോതിൽ നടന്നിരുന്നു. ഇതിനെ തുടർന്നാണ് മേഖലയിൽ സൈന്യം ആക്രമണം ശക്തമാക്കിയത്. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്.