ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ മുസ്ലീം ലീഗ് ഹര്‍ജി നല്‍കി. പാര്‍ട്ടി ദേശീയ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കിയത്.
ഭേദഗതി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബില്ല് ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെ തകിടം മറിക്കുന്നതാണെന്നും അതിനാല്‍ ബില്ല് നിയമവിരുദ്ധമാണെന്നും. അസാധുവാക്കി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മുസ്ലീം ലീഗിന് വേണ്ടി കോടതിയില്‍ ഹാജരായത്. പൗരത്വ ഭേദഗതി ബില്‍ മൗലീക അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും കേസില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഇന്നലെയാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. 125 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 105 പേർ എതിർത്തു. ബില്‍ സെലക്ടറ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. 44 ഭേദഗതി നിർദേശങ്ങളാണ് ബില്ലിൻ മേല്‍ വന്നത്. പുതിയ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും