റായ്‌പൂര്‍:കശ്‌മീരിലെ കാര്‍ഗിലില്‍ 1999 ല്‍ നടന്ന യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ സൈനികന്‍ പ്രേം ചന്ദ്ര പാണ്ഡ്യേ. ഒരു സൈനികന്‍ എപ്പോഴുമൊരു സൈനികനായിരിക്കും. രാജ്യത്തെ സേവിക്കുകയെന്നതാണ് ഒരു സൈനികന്‍റെ ദൗത്യം. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നും പ്രേം ചന്ദ്ര പാണ്ഡ്യേ പറയുന്നു.
കാര്‍ഗില്‍ ഓര്‍മ്മകള്‍; പോരാട്ട വീര്യം ചോരാതെ പ്രേം ചന്ദ്ര പാണ്ഡ്യേ - കാര്‍ഗില്‍ ഓര്‍മ്മകള്‍
കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് മുന്‍ സൈനികന്‍ പ്രേം ചന്ദ്ര പാണ്ഡ്യേ
1999 മെയ് മാസം നിയന്ത്രണ രേഖ ലംഘിച്ച് തന്ത്ര പ്രധാന പ്രദേശമായ കാര്‍ഗിലില്‍ പാക് പട്ടാളം നുഴഞ്ഞ് കയറി ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യേറാന്‍ ശ്രമം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്‍റെ പോരാട്ട വീര്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുകുത്തി. 52 ദിവസം നീണ്ടു നിന്ന യുദ്ധം 18,000 അടി ഉയരത്തിലുള്ള ടൈഗര്‍ ഹില്‍സ് പ്രദേശത്താണ് നടന്നത്. ടൈഗര്‍ ഹില്‍സും മോസ്‌കൊ താഴ്‌വരയും കശ്‌മീരും ലേയുമായി ബന്ധിപ്പിക്കുന്ന ഗുംരി പാലവും കയ്യേറുകയായിരുന്നു പാക് സൈന്യത്തിന്‍റെ ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ സൈന്യം അതിനനുവദിച്ചില്ല. പാക് പട്ടാളം നുഴഞ്ഞ് കയറി നിലയുറപ്പിച്ച പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തിരിച്ച് പിടിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്താണ് ഓപ്പറേഷന്‍ വിജയ് വിജയമാകാന്‍ കാരണമെന്ന് പ്രേം ചന്ദ്ര പാണ്ഡ്യേ വിശ്വസിക്കുന്നു. 19-ാം വയസിലാണ് പ്രേം ചന്ദ്ര പാണ്ഡ്യേ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നത്. യുദ്ധത്തിന്‍റെ ആദ്യ ഘട്ടം മുതല്‍ തന്നെ പാണ്ഡ്യേ യുദ്ധഭൂമിയിലുണ്ട്. പല ഇന്ത്യന്‍ റജിമെന്‍റുകളില്‍ നിന്നായി എത്തിയ സൈനികര്‍ ഒറ്റ സംഘമായി പോരാടി. പാണ്ഡ്യേയുടെ കണ്‍മുന്നില്‍ വച്ചാണ് സഹപ്രവര്‍ത്തകന്‍ ശത്രുവിന്‍റെ തോക്കിനിരയാവുന്നത്. ആദ്യ ഘട്ടങ്ങളില്‍ ഭക്ഷണം പോലും ലഭിക്കാന്‍ പ്രയാസമായിരുന്നു. പിന്നീട് എല്ലാം സാധാരണ നിലയിലായി. ഏറ്റവുമധികം മാധ്യമ ശ്രദ്ധ ലഭിച്ച ഒരു യുദ്ധമാണ് കാര്‍ഗില്‍ യുദ്ധം. അത് കൊണ്ട് തന്നെ രാജ്യത്തെ ആദ്യ ടെലിവൈസ്‌ഡ് യുദ്ധവും കാര്‍ഗില്‍ യുദ്ധമാണെന്നും പാണ്ഡ്യേ പറയുന്നു.
യുദ്ധത്തില്‍ സൈനികരുടെ പോരട്ടത്തെ അഭിനന്ദിക്കാന്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയും കേന്ദ്ര മന്ത്രിയായിരുന്ന യശ്വന്ത് സിങ്ങും എത്തിയതില്‍ വളരെ അഭിമാനമുണ്ടെന്നും പാണ്ഡ്യേ പറഞ്ഞു. 2013 ല്‍ ഇന്ത്യന്‍ സേനയില്‍ നിന്നും വിരമിച്ച ശേഷം പ്രേം ചന്ദ്ര പാണ്ഡ്യേ ഛത്തീസ്‌ഗഡിലെ കോര്‍ബയിലാണ് താമസിക്കുന്നത്.