ലൈംഗിക പീഡന വിവാദം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പിന്തുണയുമായി അരുണ്‍ ജെയ്റ്റ്ലി - അരുണ്‍ ജെറ്റലി
ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ഇപ്പോള്‍ ജുഡീഷ്യറിക്കൊപ്പം നില്‍ക്കേണ്ട സമയമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജെയ്റ്റ്ലിയുടെ പരാമര്‍ശം. "സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ മുന്‍ ജീവനക്കാരിയുടെ പരാതി മറ്റ് ജഡ്ജിമാര്‍ക്കും മാധ്യമങ്ങള്‍ക്കും വിതരണം ചെയ്ത് പ്രശ്നത്തെ വിവാദമാക്കുകയാണെന്നാണ്, ജുഡീഷറിക്കൊപ്പം നില്‍ക്കാന്‍ സമയമായി എന്ന് തലക്കെട്ടിരിക്കുന്ന ബ്ലോഗില്‍ അരുണ്‍ ജെയ്റ്റ്ലി കുറിച്ചിരിക്കുന്നത്. ജീവിതത്തില്‍ മാന്യതയും മൂല്യങ്ങളും നീതിയും പുലര്‍ത്തുന്നയാളാണ് രഞ്ജന്‍ ഗൊഗോയ്. നിരൂപകര്‍ അദ്ദേഹത്തിന്‍റെ ന്യായവിധികളില്‍ എതിര്‍പ്പ് കാണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ജീവിത മൂല്യങ്ങളില്‍ ചോദ്യം ചെയ്യാനാകില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഭരണഘടന സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. ഇതില്‍ പലതും ഇടത് അല്ലെങ്കിൽ തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടുകളാണ്. അവർക്ക് തെരഞ്ഞെടുപ്പ് അടിത്തറയോ ജനകീയ പിന്തുണയോ ഇല്ല. രാജ്യത്തെ മറ്റു നിയമ സ്ഥാപനങ്ങളും ചീഫ് ജസ്റ്റിസിനൊപ്പം നില്‍ക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞു.