കേരളം

kerala

ഏഴ് മണിക്കൂർ നീണ്ട ചർച്ച; കോൺഗ്രസിൽ വീണ്ടും തല്‍സ്ഥിതി!

By

Published : Aug 26, 2020, 1:45 PM IST

പാര്‍ട്ടിയിലെ മുന്‍ നിര നേതാക്കളും രാഹുൽ ഗാന്ധിയുടെ അനുകൂലികളും തമ്മിലുണ്ടായ പാർട്ടി നേതൃത്വത്തെ സംബന്ധിച്ച പ്രശ്‌നങ്ങളും ഇതിന് പരിഹാരമായി നടന്ന എഴ് മണിക്കൂർ നീണ്ട ചർച്ചയും ഒടുവിൽ സോണിയാഗാന്ധിയെ തന്നെ ഇടക്കാല പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കോൺഗ്രസിൽ വീണ്ടും തൽസ്ഥിതി തുടരുന്നതിനെ സംബന്ധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അമിത് അഗ്നിഹോത്രി എഴുതുന്നു

It is status quo after Congress debates leadership issue for 7 hours  കോണ്‍ഗ്രസ്  കോൺഗ്രസിൽ വീണ്ടും തല്‍സ്ഥിതി  ഏഴ് മണിക്കൂർ ചർച്ച  നേതൃത്വ പ്രശ്‌നം കോൺഗ്രസ്  രാഹുല്‍ഗാന്ധി  സോണിയാഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റ്  പ്രവര്‍ത്തക സമിതി യോഗം  കപില്‍ സിബല്‍  അമിത് അഗ്നിഹോത്രി  തൽസ്ഥിതി തുടരുന്നു  Congress leadership clash  soniya and rahul gandhi  interim president congress  kapilsibal
പ്രവര്‍ത്തക സമിതി യോഗം

നേതൃത്വ പ്രശ്‌നം ഉള്‍പ്പെടെ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിനായി ഏറെ കൊട്ടിഘോഷിച്ചു നടത്തിയ പ്രവര്‍ത്തക സമിതി യോഗത്തിനൊടുവില്‍ കാര്യങ്ങള്‍ വീണ്ടും പൂർവസ്ഥിതിയിലേക്ക്. മകന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നത് വരെ സോണിയാഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി തുടരും.

ഇതുവരെയും തിയതി നിശ്ചയിച്ചിട്ടില്ലാത്ത അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഒരു തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്‍റിനെ നിയമിക്കും. ഈ ഒത്തുതീർപ്പിന് ആരും എതിരല്ലായിരുന്നു. എന്നാൽ, ശക്തമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങൾ കൂടിയായ പാര്‍ട്ടിയിലെ മുന്‍ നിര നേതാക്കൾക്ക് ഇത്തരമൊരു തീരുമാനത്തിലെത്താൻ എന്തുകൊണ്ട് ഏഴ് മണിക്കൂര്‍ ആവശ്യം വന്നുവെന്നുള്ളത് തീര്‍ച്ചയായും അത്ഭുതപ്പെടേണ്ട കാര്യം തന്നെയാണ്. ഒരു സാധാരണ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ കൊണ്ടുവരേണ്ട തീരുമാനമാണ് ഇങ്ങനെ ഏഴ് മണിക്കൂര്‍ ചിലവഴിച്ച് പാര്‍ട്ടിയെടുത്തത്. എന്നാല്‍, വെര്‍ച്വലായി നടത്തിയ പ്രവര്‍ത്തക സമിതി യോഗത്തില്‍ അധിക സമയവും ഉണ്ടായത് ഒരിക്കലും കോണ്‍ഗ്രസിന്‍റെ തലപ്പത്തിരിക്കുന്നവര്‍ ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു.

കോണ്‍ഗ്രസിന്‍റെ എതിരാളികള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രണ്ട് തട്ടിലായി പൂർണമായും വിഭജിച്ചു നിന്നു. രണ്ട് തലമുറയില്‍പെട്ട നേതാക്കന്മാർ തമ്മില്‍ ഒരു അഭിപ്രായ സമന്വയത്തില്‍ എത്തുന്നതിന് യോഗം വളരെ പണിപ്പെട്ടു. മാത്രമല്ല, ദേശീയ തലത്തില്‍ പാര്‍ട്ടിയെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയെ കുറിച്ച് ഇപ്പോഴും അവര്‍ ആലോചിച്ചു വരുന്നതേയുള്ളൂ എന്നുള്ളതാണ് സത്യം. 2014ല്‍ ബിജെപിക്ക് അധികാരം വിട്ടു നല്‍കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും കോണ്‍ഗ്രസിന്‍റെ അവസ്ഥ ഇങ്ങനെയാണ്.

പാര്‍ട്ടിക്ക് മുഴുനീള സമയത്തേക്ക് ഒരു അധ്യക്ഷന്‍ വേണമെന്നും സമഗ്രമായ സംഘടനാ പരിഷ്‌കാരം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജൂലൈയിൽ 23 മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാര്‍ ചേര്‍ന്ന് സോണിയാഗാന്ധിക്ക് കത്തെഴുതി. കത്തിൽ പറയുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കൂടിയായിരുന്നു ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തക സമിതി യോഗം സംഘടിപ്പിച്ചതും. പ്രതിപക്ഷത്തിരിക്കുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ യുക്തിസഹജമായ ആവശ്യങ്ങളായിരുന്നു ഈ നേതാക്കള്‍ ഉയര്‍ത്തിയ രണ്ടു കാര്യങ്ങളും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള സോണിയ ഓഗസ്റ്റ് പത്തോട് കൂടി ഇടക്കാല അധ്യക്ഷ എന്ന നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയെ നേരിടുന്നതിന് തീർച്ചയായും പാര്‍ട്ടിക്കൊരു മുഴുവന്‍ സമയ അധ്യക്ഷന്‍റെ ആവശ്യമുണ്ട്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് പകരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലും രാഹുലിന്‍റെ വിശ്വസ്തരും തമ്മിലുള്ള ഒരു അധികാര വടം വലിക്ക് വേദിയാകുകയായിരുന്നു പ്രവര്‍ത്തക സമിതി യോഗം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാകട്ടെ തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ ഏറെ പ്രയാസപ്പെടുകയും ചെയ്തു.

പാര്‍ട്ടിയില്‍ വിമതസ്വരം ഉയര്‍ത്തിയവരുടെ ലക്ഷ്യത്തെ ചോദ്യം ചെയ്‌തു കൊണ്ട് രാഹുല്‍ഗാന്ധി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമര്‍ശങ്ങളും പ്രസ്തുത നേതാക്കള്‍ ബിജെപിക്ക് വേണ്ടി തന്ത്രം മെനയുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചതും മാധ്യമങ്ങളില്‍ ച്രചരിച്ചതോടെ ഏറെ വർഷം പഴക്കമുള്ള മഹത്തായ പാര്‍ട്ടിയുടെ പ്രതിച്ഛായയും ജനങ്ങൾക്ക് മുന്നിൽ നഷ്ടപ്പെട്ടു. പാര്‍ട്ടി അതിവേഗം ഈ പരാമര്‍ശങ്ങള്‍ നിഷേധിക്കുകയും, രാഹുല്‍ തന്നെ ഫോണിലൂടെ കപിൽ സിബലിനെ പോലുള്ള ഉന്നതനേതാക്കളെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതോടെയാണ് വലിയൊരു പ്രതിസന്ധിയില്‍ നിന്നും പാര്‍ട്ടി കരകേറിയത്. പ്രവര്‍ത്തക സമിതി യോഗത്തില്‍ കപില്‍ സിബല്‍ പങ്കെടുത്തില്ലെങ്കിലും രാഹുല്‍ നടത്തിയെന്ന് മാധ്യമങ്ങളിലൂടെ പരാമര്‍ശിക്കപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹത്തെ ഏറെ പ്രകോപിതനാക്കിയിരുന്നു.

ആരോപണത്തിന് വിധേയമായ സിബല്‍ ഉടനെ തന്‍റെ അതൃപ്തി രേഖപ്പെടുത്തികൊണ്ട് ട്വീറ്റ് ചെയ്‌തു. അതുപോലെ ബിജെപിയുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ രാജി വെക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് മറ്റൊരു മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ട്വിറ്ററിൽ പ്രസ്‌താവനയുമായെത്തി. വിമതർ സോണിയക്ക് എഴുതിയ കത്തില്‍ ഒപ്പുവെച്ച രണ്ട് നേതാക്കൾ; ആസാദും സിബലും നടത്തിയ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നവര്‍ക്ക് ശരിക്കും ഒരു രജത രേഖയായി മാറുകയായിരുന്നു. കാരണം അസ്വസ്ഥരായ സഹപ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനുള്ള വ്യക്തിപ്രഭാവം ഇപ്പോഴും ഗാന്ധി കുടുംബത്തിനുണ്ടെന്ന് തെളിയിച്ചു. അതോടെ പാര്‍ട്ടിയെ ഒന്നിപ്പിച്ചു നിര്‍ത്തുവാനുള്ള ഒരു ശക്തിയായി ഗാന്ധിമാര്‍ തുടരുന്നുവെന്നും ഇത് വ്യക്തമായി.

പാര്‍ട്ടി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വേദനിക്കുന്നു, അവരുമായി അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്നു, എങ്കിലും ആത്യന്തികമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സോണിയ തന്‍റെ ഉപസംഹാര പ്രസംഗത്തില്‍ വ്യക്തമാക്കിയതോടെ ഗാന്ധി കുടുംബം ആഗ്രഹിച്ച രീതിയിലുള്ള ഒരു പ്രമേയം തന്നെ തയ്യാറാക്കി എല്ലാവരും അതില്‍ ഒപ്പു വെക്കുകയും ചെയ്തു. പ്രവര്‍ത്തക സമിതി സമ്മേളനം നടന്ന വേളയില്‍ തങ്ങള്‍ പിന്നില്‍ നിന്നും കുത്തുന്നവരാണെന്നുള്ള തരത്തില്‍ ചിത്രീകരിക്കപ്പെടുന്നതിനെ തള്ളിക്കളയുവാന്‍ വിമതര്‍ ശ്രമം നടത്തി. ഇതിന് പുറമെ, സോണിയയുടെ അധികാരത്തെ വെല്ലുവിളിക്കുവാന്‍ തങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പാര്‍ട്ടി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതിന്‍റെയും എല്ലാ തലങ്ങളിലും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതിന്‍റേയും ആവശ്യകത ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു. പതിവ് പോലെ ആവശ്യമാണെങ്കില്‍ പാര്‍ട്ടിയില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുന്നതിനും അവര്‍ സോണിയയ്ക്ക് അധികാരം നല്‍കുകയും ചെയ്‌തു. രാഹുലിനെ പിന്തുണക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തക സമിതി യോഗത്തിൽ അനുകൂലമായത് നിരവധി അംഗങ്ങള്‍ അദ്ദേഹത്തെ വീണ്ടും പാര്‍ട്ടി തലവനാക്കി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതിനാലാണ്. ഗാന്ധി കുടുംബത്തില്‍പെടാത്ത ഒരാളെ അധ്യക്ഷനാക്കണമെന്നുള്ള മുറുമുറുപ്പുകളെല്ലാം തന്നെ ഈ കൂട്ടായ ശബ്ദത്തില്‍ മുങ്ങിപ്പോയി.

സോണിയയുടെ പഴയ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ രാഹുലിനെ അധ്യക്ഷനാക്കണമെന്ന് അഭ്യർഥിച്ചു. എന്നാല്‍, അത്തരത്തിലുള്ള അധികാര കൈമാറ്റം മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കുകയായിരുന്നു. മുന്‍പ് നടന്നതു പോലെ പാര്‍ട്ടിക്കകത്തുള്ള തെരഞ്ഞെടുപ്പിലൂടെ വീണ്ടും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതിലേക്ക് നയിക്കുക തന്നെ ചെയ്യും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അത്തരം ഒരു തെരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെയായിരിക്കും എതിരില്ലാത്ത സ്ഥാനാർഥി.

2017 ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരം ഏറ്റെടുത്ത രാഹുല്‍ഗാന്ധി 2019 മേയ് മാസത്തിലെ ദേശീയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം രാജി വെക്കുകയായിരുന്നു. നേതൃത്വത്തെ ചൊല്ലിയുള്ള പാര്‍ട്ടിയിലെ പുകപടലങ്ങള്‍ തല്‍ക്കാലം അടങ്ങിയിരിക്കാം. പക്ഷെ 23 വിമതന്മാര്‍ ഉയര്‍ത്തിയ ഉല്‍കണ്ഠകളിൽ ഒന്നുപോലും അവഗണിക്കുവാന്‍ കോണ്‍ഗ്രസിന് പ്രയാസമായിരിക്കും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇവിടെയാണ് പാര്‍ട്ടി നേരിടുന്ന യഥാർത്ഥ വെല്ലുവിളി. കാരണം, ഗാന്ധി കുടുംബത്തിനെതിരെയുള്ള മറ്റൊരു പ്രചാരണമാണ് പുതിയ നേതൃത്വ പ്രതിസന്ധിക്ക് കാരണമായതെന്ന് പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞു. അതോടെ ഗാന്ധിമാര്‍ അവരുടെ ശരിയായ അധികാരം പുറത്തു കാട്ടുകയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details