ഹൈദരാബാദ്:ഇന്ത്യ മഹാരാജ്യത്തിന്‍റെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തു കൂടാ എന്നതിനെ കുറിച്ച് ഒരു ലഘു ഗ്രന്ഥം തന്നെ എഴുതാവുന്നതാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകൻ പി.സായ്‌നാഥ്. മഗ്‌സസെ പുരസ്‌കാര ജേതാവും പത്ര പ്രവര്‍ത്തകനും നിലവില്‍ പീപ്പിള്‍സ് ആര്‍കൈവ്‌സ് ഓഫ് റൂറല്‍ ഇന്ത്യയുടെ (പാരി) എഡിറ്ററുമായ സായ്‌നാഥ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് ഇ.ടി.വി ഭാരതുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്ത് വഷളാക്കിയ കേന്ദ്ര സര്‍ക്കാരിനേയും സംസ്ഥാന സര്‍ക്കാരുകളേയും (കേരളത്തെ മാറ്റിനിർത്തി) അദ്ദേഹം ഒരുപോലെ വിമര്‍ശിച്ചു. “ഞാന്‍ അവര്‍ക്ക് മുന്നില്‍ മുട്ടു കുത്തി നിന്നു കൊണ്ട് യാചിക്കുകയാണ്, അഭ്യര്‍ഥിക്കുകയാണ്, ദയവ് ചെയ്ത് ഇടപെടൂ... ഈ പ്രശ്‌നം ഇനി ഒരിക്കലും സംഭവിക്കാതിരിക്കത്തക്ക വിധം അതില്‍ ഇടപെടണമെന്നാണ് എന്‍റെ അഭ്യര്‍ഥന.''എന്ന് സായ്‌നാഥ് പറഞ്ഞു. “ആശയ്ക്ക് വഴിയില്ലെങ്കിലും ആശ കൈവിടാതെ ഞാന്‍ ആഗ്രഹിക്കുകയാണ്, സര്‍ക്കാര്‍ ഈ വലിയ ഇടപെടലിനു വേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കുമെന്ന്. പക്ഷെ അവര്‍ ആവശ്യമായത് എന്താണെന്ന് വെച്ചാല്‍ അത് ചെയ്യുമെന്ന് എന്നെ കൊണ്ട് ചിന്തിപ്പിക്കുവാന്‍ തക്കവണ്ണം ഇതുവരെ അവര്‍ ഒന്നും ചെയ്തതായി കാണുന്നില്ല.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരും കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാന സര്‍ക്കാരുകളും ഒരുപോലെ ഒട്ടേറെ തെറ്റുകള്‍ വരുത്തി കൊണ്ടാണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടം നടത്തിയത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് വേണ്ടത്ര സമയം നല്‍കാതെ മാര്‍ച്ച് 24ന് രാജ്യത്ത് ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഇക്കാരണത്താല്‍ ചെറുതായൊന്നുമല്ല ജനങ്ങള്‍ ബുദ്ധിമുട്ടിയത്. ഒരു പഴയ കാല സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്, സൈനിക യൂണിറ്റുകള്‍ക്ക് പോലും ഒരു പ്രധാനപ്പെട്ട നീക്കം നടത്തുന്നതിനു മുമ്പ് തയ്യാറെടുപ്പ് നടത്തുന്നതിന് നാല് മണിക്കൂറില്‍ അധികം സമയം ലഭിക്കും എന്നാണ്.
മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസ പാക്കേജുകളെ വെറും 'തട്ടിപ്പ്' എന്നാണ് പി.സായ്‌നാഥ് വിളിച്ചത്. 'അത് ഒരു ആശ്വാസ പാക്കേജല്ലായിരുന്നു. മറിച്ച് പഴയ സാധനം പുതിയ പൊതി കൊണ്ട് സുന്ദരമാക്കല്‍ മാത്രമായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പാക്കേജില്‍ ഉള്‍പ്പെട്ട മുഖ്യ കാര്യങ്ങളും പഴയ പദ്ധതികളുടെ പുതിയ രൂപത്തിലുള്ള അവതരണം മാത്രമായിരുന്നു. പ്രമുഖരായ ചില സാമ്പത്തിക ശാസ്ത്രഞ്ജരെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് നമ്മുടെ മൊത്ത ആഭ്യന്തര വരുമാനത്തിന്‍റെ (ജിഡിപി) ഒരു ശതമാനം പോലും ആകുന്നില്ല ഈ ആശ്വാസ പാക്കേജുകള്‍ എന്നാണ്. മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും ഇക്കാര്യത്തിനായി നീക്കി വെച്ച തുക ഇതിലുമൊക്കെ എത്രയോ പതിന്മടങ്ങ് വരുമെന്നും അദ്ദേഹം പറയുന്നു.