ഇറാൻ യുദ്ധത്തിന് അനുകൂലമല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡര്‍ - ഡോ. അലി ചെഗെനി
ഇന്ത്യ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഏത് സമാധാന- അനുരഞ്ജന ശ്രമങ്ങളെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഉടൻ യുദ്ധത്തിനില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡര്‍ ഡോ. അലി ചെഗെനി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷങ്ങൾക്കിടെയാണ് പ്രതികരണം. ജനറല്‍ സുലൈമാനിയുടെ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ആവശ്യമായിരുന്നു അദ്ദേഹത്തിന്‍റെ രക്തത്തിന് പ്രതികാരം ചെയ്യുക എന്നത്. അത് ഇറാന്‍റെ ജനങ്ങളുടെ പ്രതികരണമാണ്. എന്നാല്‍ മേഖലയില്‍ സമാധാനമാണ് ആവശ്യമെന്നും അതിനാല്‍ യുദ്ധത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി ഇറാൻ ആരോടും യുദ്ധം ചെയ്തിട്ടില്ലെന്നും ചെഗെനി കൂട്ടിച്ചേർത്തു. ടെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചബഹര്‍ തുറമുഖത്തിന്‍റെ വികസന പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അലി ചെഗെനി ഉറപ്പുനല്‍കി. ഇന്ത്യ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഏത് സമാധാന- അനുരഞ്ജന ശ്രമങ്ങളെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.