ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും റോഡ് നിര്‍മിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 850 മീറ്റര്‍ നീളത്തില്‍ ഫരീദാബാദിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററിന് സമീപമാണ് ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കില്‍ നിന്നും ഐ.ഒ.സി റോഡ് നിര്‍മിച്ചത്. 16 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡുനിര്‍മാണത്തിനായി ഉപയോഗിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകൾക്ക് കരുത്ത്, ആയുസ് എന്നിവ കൂടുതലായിരിക്കുമെന്ന് ഐ.ഒ.സി അധികൃതര്‍ പറയുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് പ്ലാസ്റ്റിക്കുകൾ മോശമായതിനാലല്ല, മറിച്ച് ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനത്തിന്‍റെ അഭാവമാണെന്നും ഐ.ഒ.സി അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും റോഡ് നിര്‍മിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ - business news
850 മീറ്റര്‍ നീളത്തില്‍ ഫരീദാബാദിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററിന് സമീപമാണ് ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കില്‍ നിന്നും ഐ.ഒ.സി റോഡ് നിര്‍മിച്ചത്
മഹാരാഷ്‌ട്രയിലെ നാഗത്തോണ്‍ പെട്രോകെമിക്കല്‍ പ്ലാന്‍റിന് മുന്നില്‍ 40 കിലോമീറ്റര്‍ നീളത്തിലായിരുന്നു റിലയന്‍സിന്‍റെ നേതൃത്വത്തില്‍ റോഡ് നിര്‍മിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കില്‍ നിന്നും റോഡുകൾ നിര്‍മിക്കുന്നതിന് പുറമെ പി.ഇ.ടി കുപ്പികളില്‍ നിന്നും പരിസ്ഥിതി സൗഹൃദനാരുകൾ നിര്‍മിക്കാനും അവ ഉപയോഗിച്ച് ടീ ഷര്‍ട്ടുകൾ മുതല്‍ ജീന്‍സ് വരെയുള്ള ഉല്‍പന്നങ്ങൾ നിര്‍മിക്കാനും റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. ബരാബങ്കി, ഹോഷിയാർപൂർ, നാഗോത്തോണ്‍ പ്ലാന്‍റുകളിൽ പി.ഇ.ടി കുപ്പികളുടെ പുനരുപയോഗം നടക്കുന്നുണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജൈവ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ആര്‍.യു.സി.ഒ പ്രോത്സാഹിപ്പിക്കുന്ന ബാനറുകളുമായി പത്ത് എല്‍.പി.ജി വാനുകൾ ഐ.ഒ.സി ഫ്ലാഗ് ഓഫ് ചെയ്‌തു. ഫോസില്‍ ഇന്ധനങ്ങൾക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നവയാണ് പാചക എണ്ണയില്‍ നിന്നും നിര്‍മിക്കുന്ന ആര്‍.യു.സി.ഒ.