ന്യൂഡല്‍ഹി: ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ വർഷം ഒക്ടോബർ 22നാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷനായ ബെഞ്ചാണ് സിബിഐ സമർപ്പിച്ച പുനരവലോകന ഹർജി തള്ളിയത്. കഴിഞ്ഞ വർഷത്തെ വിധിയില്‍ പുനഃപരിശോധനക്ക് ആവശ്യമായ ഒരു പിശകുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പി.ചിദംബരത്തിന് ജാമ്യം നൽകിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി
ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷനായ ബെഞ്ചാണ് സിബിഐ സമർപ്പിച്ച പുനരവലോകന ഹർജി തള്ളിയത്.
2007ൽ യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി.ചിദംബരം സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ള ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാന്‍ അനധികൃതമായി ഇടപ്പെട്ടെന്നാണ് കേസ്. 2017 മേയ് 15നാണ് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ (എഫ്ഐപിബി) അനുമതി ലഭിക്കാൻ ചിദംബരം ഇടപെട്ടെന്നാണ് ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുകയും എൻഫോഴ്സ്മെന്‍റ് കേസിലെ കസ്റ്റഡിക്ക് ശേഷം ജാമ്യം ലഭിക്കുകയും ചെയ്യുകയും ചെയ്‌തിരുന്നു.