ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്‌തതിന് ശേഷമായിരുന്നു അറസ്റ്റ്. ഭാര്യ നളിനിയും മകന്‍ കാർത്തി ചിദംബരവും രാവിലെ ജയിലിലെത്തി ചിദംബരത്തെ കണ്ടതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്യാനെത്തിയത്.
ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് സംഘം അറസ്റ്റ് ചെയ്തു - p chidambaram
തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്സ്മെന്‍റ് സംഘം ചിദംബരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹേഷ് ഗുപ്‌ത, സന്ദീപ് തപ്ലിയാൽ, ഡൈനിക് ജെയിൻ എന്നിവരടങ്ങിയ സംഘമാണ് ചിദംബരത്തിനെ ചോദ്യം ചെയ്തത്. 30 മിനിറ്റ് ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും പ്രത്യേക സിബിഐ ജഡ്‌ജി അജയ് കുമാർ കുഹാർ എൻഫോഴ്‌സ്‌മെന്‍റിന് അനുവാദം നല്‍കിയിരുന്നു. ജയിലിൽ ചിദംബരത്തെ ചോദ്യം ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ നൽകാനും തിഹാർ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിരുന്നു. അതേസമയം പി.ചിദംബരത്തെ കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവിനെ ചോദ്യം ചെയ്‌ത് ചിദംബരത്തിന്‍റെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയും കോടതി തള്ളി.
ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ ചിദംബരം ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചിദംബരത്തിന്‍റെ റിമാൻഡ് നാളത്തോടെ അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഒന്നാം യു.പി.എ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ സ്റ്റാർ ഇന്ത്യ മുൻ സി.ഇ.ഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐ.എൻ.എക്‌സ് മീഡിയക്ക് വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മേയ് 15 നാണ് സി.ബി.ഐ കേസെടുത്തത്.