കേരളം

kerala

ETV Bharat / bharat

കടല്‍ക്കൊലക്കേസ്; അന്താരാഷ്ട്ര ട്രൈബ്യൂണലിൽ ഇന്ത്യക്ക് വിജയം

കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയുടെ വാദങ്ങൾ തള്ളിയാണ് ട്രൈബ്യൂണലിന്‍റെ വിധി.

കടല്‍ക്കൊലക്കേസ്  അന്താരാഷ്ട്ര ട്രൈബ്യൂണല്‍  ഇറ്റലി  ഇറ്റലിയുടെ വാദം തള്ളി  മത്സ്യത്തൊഴിലാളികൾ  Int'l tribunal  MEA  Italian tanker case
കടല്‍ക്കൊലക്കേസ്; അന്താരാഷ്ട്ര ട്രൈബ്യൂണലിൽ ഇന്ത്യക്ക് വിജയം,​ ഇറ്റലിയുടെ വാദം തള്ളി

By

Published : Jul 2, 2020, 9:57 PM IST

ന്യൂഡല്‍ഹി:ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ ഇന്ത്യക്ക് വിജയം. ഇറ്റാലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചത് ട്രൈബ്യൂണൽ ശരിവച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയുടെ വാദങ്ങൾ തള്ളിയാണ് ട്രൈബ്യൂണലിന്‍റെ വിധി. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

ഇറ്റാലിയന്‍ കപ്പലിലെ നാവികരടക്കമുള്ള ജീവനക്കാര്‍ മൂലം ഇന്ത്യയ്ക്കുണ്ടായ ജീവഹാനി, വസ്തുക്കളുടെ നഷ്ടം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. എന്തായിരിക്കണം നഷ്ടപരിഹാരം എന്ന കാര്യം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച് കരാറുണ്ടാക്കണമെന്നും അന്താരാഷ്ട്ര കോടതി അറിയിച്ചു. കടലില്‍ ഇന്ത്യന്‍ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചെന്നും കോടതി വിലയിരുത്തി. വിഷയത്തില്‍ നാവികര്‍ക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെക്കുകയും ചെയ്തു.

2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യതൊഴിലാളികള്‍ക്കു നേരെ ഇറ്റലിയുടെ എണ്ണ കപ്പല്‍ എന്‍ റിക ലെക്‌സിയില്‍നിന്നും നാവികര്‍ വെടിയുതിര്‍ത്തത്. കടല്‍ കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഇറ്റലിയുടെ ഔദ്യോഗിക വാദം.

ABOUT THE AUTHOR

...view details