21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസ നയമാണ് കേന്ദ്ര സർക്കാർ ഈ വർഷം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020. ഈ നയത്തിലൂടെ നിയന്ത്രണവും ഭരണവും ഉൾപ്പെടെ വിദ്യാഭ്യാസ ഘടനയുടെ എല്ലാ വശങ്ങളും പരിഷ്‌ക്കരിക്കുമെന്നും നവീകരിക്കുമെന്നും സർക്കാർ പറയുന്നു. പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ എന്താണ്? അതിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവർത്തനം ചെയ്യാൻ കഴിയുമോ?
വിദ്യാഭ്യാസത്തിൽ എല്ലായ്‌പ്പോഴും ഒരു തുടർച്ചയുണ്ട്. അതിനു ഒരു ഇടവേള സൃഷ്ടിക്കുന്നത് ഒരു വിചിത്രമായ ആശയമായിരിക്കും. കൂടാതെ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഒരു സാമൂഹിക പശ്ചാത്തലത്തിൽ പ്രവർത്തിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നു. ഇന്ത്യയെപ്പോലെ വൈവിധ്യവും സങ്കീർണ്ണവുമായ ഒരു രാജ്യത്ത് വിദ്യാഭ്യാസം വ്യത്യസ്‌തവും വളരെ പ്രധാനവുമായ പങ്ക് വഹിക്കുന്നു. പരിഷ്‌ക്കരണത്തിനും മെച്ചപ്പെടുത്തലിനുമായി നാം നോക്കുമ്പോൾ ഈ പങ്കിനെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്. അതിനാൽ പുതിയ നയം ആവശ്യമായ ചില പരിഷ്‌ക്കാരങ്ങളെ സൂചിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രത്യേകിച്ചും വിദ്യാഭ്യാസത്തെ നമ്മുടെ സാമൂഹിക ആവശ്യങ്ങളോട് കൂടുതൽ പ്രതികരിക്കുന്നതിന്. ഒരു വ്യവസ്ഥയെന്ന നിലയിൽ വിദ്യാഭ്യാസത്തിലെ ഏത് മാറ്റവും ഒരു പരിധി വരെ പരിഷ്‌ക്കാരങ്ങൾ എത്രത്തോളം നിലനിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നതും നാം ഓർക്കണം. പരിവർത്തന അജണ്ടകൾ ഇതിന് സഹായിക്കില്ല.
മൂന്ന് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി 5 + 3 + 3 + 4 എന്ന പുതിയ പാഠ്യ പദ്ധതിയെക്കുറിച്ചുള്ള താങ്കളുടെ കാഴ്‌ചപ്പാട് എന്താണ്?
നിർദിഷ്‌ട സമ്പ്രദായത്തിൽ, ആദ്യത്തെ അഞ്ച് വർഷങ്ങളിൽ മൂന്ന് വർഷത്തെ നഴ്‌സറിയും പ്രൈമറിയുടെ ആദ്യ രണ്ട് ഗ്രേഡുകളും ഉൾപ്പെടുന്നു. ഇത് ആശങ്കാജനകമാണ്. കാരണം കുട്ടികളെ സാക്ഷരതയും സംഖ്യാ വൈദഗ്ധ്യവും ഉപയോഗിച്ച് ‘സ്‌കൂൾ തയ്യാറാക്കാൻ’ പ്രീ-സ്‌കൂൾ വർഷങ്ങൾ നീക്കിവയ്ക്കപ്പെടുകയാണ്. ഈ നിർദേശത്തിന് ആഴത്തിലുള്ള മാനസിക പ്രത്യാഘാതങ്ങളുണ്ട്. ‘അകാലത്തിൽ നൽകിയ സാക്ഷരതയുടെ അപകടങ്ങൾ’ നിർദിഷ്‌ട സമവാക്യത്തിലെ അവസാന നാല് വർഷം ഒരു നാല് വർഷ ബിരുദത്തെ പ്രതിനിധീകരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡൽഹി സർവകലാശാലയിൽ ഇത് പരീക്ഷിച്ചിരുന്നു. പക്ഷേ പിന്നീട് അത് പിൻവലിക്കേണ്ടി വന്നു. അതിന്‍റെ പരാജയത്തിന്‍റെ കാരണങ്ങൾ നാം പഠിച്ചില്ലെങ്കിൽ, ആ പരീക്ഷണത്തിന്‍റെ ആവർത്തനം പ്രയോജനം ചെയ്തേക്കില്ല.
പുതിയ വിദ്യാഭ്യാസ നയം ഇപ്രകാരം പറയുന്നു: 'സാധ്യമായടത്തോളം കുറഞ്ഞത് അഞ്ചാം ഗ്രേഡ് വരെ പാഠ്യ വിഷയങ്ങള്‍ മാതൃഭാഷയിലോ, പ്രാദേശിക ഭാഷയിലോ ആയിരിക്കും.“എന്നാൽ പുതിയ നയത്തിന്‍റെ പ്രഖ്യാപനത്തിനുശേഷം - കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോക്രിയാൽ നിഷാങ്ക് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി,“ സ്‌കൂളുകളിലെ പ്രബോധന മാധ്യമം സംബന്ധിച്ച തീരുമാനം അതാത് സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരും.” പാഠ്യ പ്രബോധന മാധ്യമത്തെക്കുറിച്ചുള്ള സർക്കാറിന്‍റെ നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
പല കോളനിവത്കൃത സമൂഹങ്ങളിലും പരിചിതമായ ഒരു പഴയ പദമാണ് ‘മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ’ അല്ലെങ്കില്‍ പ്രബോധന മാധ്യമം. ഇത് സ്‌കൂൾ വിദ്യാഭ്യാസത്തിന്‍റെ ആദ്യ കാലഘട്ടത്തിൽ ഭാഷാ അധ്യാപനത്തിന്‍റെ യഥാർഥ ആശങ്കകൾ മറയ്ക്കുന്നു. ഈ കാലയളവിൽ, കുട്ടിയുടെ ഭാഷ പഠനത്തില്‍ വളരെയധികം സാധ്യതകൾ നിലനില്‍ക്കുന്നു. ഇത് നന്നായി മനസിലാക്കിയില്ലെങ്കിൽ, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാർ വിദ്യാലയങ്ങളില്‍ പോലും ഇപ്പോഴത്തെ രീതികളില്‍ നിന്നു മാറാൻ കഴിയില്ല.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കൊഴിഞ്ഞുപോക്ക്. 2017 മുതൽ 18 വരെ എൻഎസ്‌എസ്ഒ നടത്തിയ സർവേ പ്രകാരം ആറ് മുതൽ 17 വയസ് വരെയുള്ള സ്‌കൂൾ കുട്ടികളുടെ എണ്ണം 3.22 കോടി ആണ്. 2030 ഓടെ സെക്കൻഡറി ലെവൽ വരെ 100 ശതമാനം മൊത്തം എൻറോൾമെന്‍റ് അനുപാതം കൈവരിക്കാൻ എന്‍ഇപി 2020 ഒരു ലക്ഷ്യം വെക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ ഈ നയത്തിന് കഴിവുണ്ടോ?
കൊഴിഞ്ഞു പോക്ക് പ്രശ്‌നം കുട്ടികളുടെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലും മേഖല തിരിച്ചും വിശകലനം ചെയ്യണം. പ്രാഥമിക തലത്തിൽ, സർവ ശിക്ഷാ അഭിയാന്‍റെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ പ്രഖ്യാപനത്തിന്‍റെയും ഫലമായി കൊഴിഞ്ഞു പോക്കിൽ ഉയർന്ന നിരക്ക് ഉണ്ടായി. അപ്പര്‍ പ്രൈമറി ഘട്ടത്തിൽ നിന്ന് മുകളിലേക്ക് കൊഴിഞ്ഞു പോക്ക് നിരക്ക് വർധിക്കുന്നു. പ്രത്യേകിച്ചും താഴ്ന്ന സാമൂഹിക-സാമ്പത്തിക വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾക്കും കുട്ടികൾക്കും ഇടയിൽ ഈ പ്രശ്‌നം രൂക്ഷമാണ്. തെക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രശ്‌നം വളരെ വലുതാണ്. സാമ്പത്തികവും വിദ്യാഭ്യാസപരവുമാണ് ഇതിനുള്ള കാരണങ്ങൾ.
കൊവിഡ് മഹാമാരി ഇതിനെ കൂടുതല്‍ വഷളാക്കാൻ സാധ്യതയുണ്ട്. നിർഭാഗ്യവശാൽ കൊറോണ പ്രതിസന്ധി വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും, ഈ പ്രഭാവം എങ്ങനെ പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ചും നയം വ്യക്തമാക്കുന്നില്ല. ചില പ്രഭാവങ്ങള്‍ ഇതിനകം തന്നെ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഈ ഫലങ്ങൾ നാം അടിയന്തിരമായി പരിശോധിക്കുകയും അവ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തുകയും വേണം. അല്ലാത്ത പക്ഷം, സമീപകാല ദശകങ്ങളിൽ നേടിയ നേട്ടങ്ങൾ നഷ്‌ടപ്പെട്ടേക്കാം.
മൂല്യനിർണയ രീതികളിലും പരീക്ഷാ സംവിധാനങ്ങളിലും നിർദേശിച്ച മാറ്റങ്ങളെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
മുമ്പത്തെ കമ്മിറ്റികൾ നൽകിയ നിരവധി ശുപാർശകൾ നിലവിലുണ്ട്. ബോർഡ് പരീക്ഷകളിലെ മൂല്യനിർണയ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നാഷണൽ ഫോക്കസ് ഗ്രൂപ്പ് ഓൺ എക്സാമിനേഷൻ റിഫോംസ് (2005) കൃത്യമായ മാര്‍ഗം വ്യക്തമാക്കുന്നു. അവരുടെ സമീപനം പരിഷ്‌കരിക്കുന്നതിൽ കേന്ദ്രമോ സംസ്ഥാന ബോർഡുകളോ വളരെയധികം മുന്നോട്ട് പോയിട്ടില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2016-17ൽ 1,08,017 ഏകാധ്യാപക സ്‌കൂളുകൾ ഉണ്ടായിരുന്നു. 'ചെറുകിട സ്‌കൂളുകളുടെ ഒറ്റപ്പെടൽ, വിദ്യാഭ്യാസത്തെയും അധ്യാപന-പഠന പ്രക്രിയയെയും പ്രതികൂലമായി ബാധിക്കുന്നു' എന്ന് എൻഇപി വ്യക്തമാക്കുന്നു. സ്‌കൂളുകളെ ഗ്രൂപ്പുചെയ്യുന്നതിനും, യുക്തിസഹമാക്കുന്നതിനും, നൂതന സംവിധാനങ്ങൾ സ്വീകരിക്കുന്നതിലൂടെ ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുമെന്നും സൂചിപ്പിച്ചു. സ്‌കൂളുകളെ യുക്ത്യനുസൃതമാക്കുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?
ഏക അധ്യാപക വിദ്യാലയങ്ങൾ പാടില്ലെന്ന് 1986ലെ നയം പോലും വ്യക്തമാക്കിയിരുന്നു. കുറച്ചുകാലത്തേക്ക്, സ്ഥിതി മെച്ചപ്പെട്ടെങ്കിലും, തുടർന്ന് ആ പ്രശ്‌നം വീണ്ടും ഉയര്‍ന്നു വന്നു. അധ്യാപകർക്കും ആർടിഇ മാനദണ്ഡങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾക്ക് മതിയായ വിഹിതം ഏർപ്പെടുത്തിയാൽ, ചെറുകിട സ്‌കൂളുകൾക്ക് നന്നായി പ്രവർത്തിക്കാൻ കഴിയും.