ജയ്പൂർ:സംസ്ഥാന ഗവർണർ കൽരാജ് മിശ്രയുടെ പെരുമാറ്റത്തെക്കുറിച്ച് പറയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
ഞായറാഴ്ച പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഗവർണറുടെ പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. ഏഴു ദിവസം മുമ്പ് ഞാൻ അദ്ദേഹത്തിന് എഴുതിയ കത്ത് സംബന്ധിച്ചും അദ്ദേഹത്തോട് സംസാരിച്ചുവെന്ന് ഗെലോട്ട് വ്യക്തമാക്കി. സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായതോടെ സംസ്ഥാനം രാഷ്ട്രീയ പ്രതിസന്ധിയിലാവുകയും തുടർന്ന് കോൺഗ്രസ് എംഎൽഎമാർ രണ്ടാഴ്ചയോളമായി ഹോട്ടലിലേക്ക് താമസം മാറ്റുകയുമായിരുന്നു.
നിയമസഭാ സമ്മേളനം വിളിക്കുന്നത് സംബന്ധിച്ച് മിശ്ര സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയതായി തിങ്കളാഴ്ച വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ എംഎൽഎമാരെയും നിയമസഭാ സമ്മേളനത്തിലേക്ക് വിളിക്കാൻ പ്രയാസമുണ്ടെന്നും മിശ്ര പറഞ്ഞു. നിയമസഭാ സമ്മേളനം സംബന്ധിച്ച് 21 ദിവസത്തെ നോട്ടീസ് നൽകുന്നത് പരിഗണിക്കാനാകുമോ എന്ന് ഗവർണർ രാജസ്ഥാൻ സർക്കാരിനോട് ചോദിച്ചതായും നിയമസഭാ സമ്മേളനത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കണമെന്ന കോൺഗ്രസ് സർക്കാരിന്‍റെ അഭ്യർഥന ഗവർണർ മുഖവിലക്കെടുക്കാത്ത സാഹചര്യത്തിലാണ് രാജസ്ഥാനിലെ അധികാര പോരാട്ടം പുതിയ വഴിത്തിരിവിലെത്തിയത്.
ഗെലോട്ട് സർക്കാരിനെ താഴെയിറക്കാൻ ബിജെപി കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ബിജെപി നിരസിച്ചു.