പട്‌ന:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ക്വാറന്‍റൈനില്‍ കഴിയാതെ സ്വന്തം ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നുണ്ടെങ്കില്‍ വിവരം പ്രാദേശിക ഭരണകൂടത്തെ ഉടൻ അറിയിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അഭ്യര്‍ഥിച്ചു. ഗ്രാമത്തലവൻമാര്‍ മുഖേന വിവരം പ്രാദേശിക ഭരണകൂടത്തെ അറിയിക്കണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് ഉപമുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ക്വാറന്‍റൈൻ ലംഘനം; പ്രാദേശിക ഭരണകൂടത്തെ ഉടൻ വിവരം അറിയിക്കണമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി
ബിഹാറില്‍ കൊവിഡ് രോഗബാധിതരെ തിരിച്ചറിയുന്നതിനായി ഡോർ ടു ഡോർ സ്ക്രീനിങ് യജ്ഞം ആരംഭിച്ചതായും ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു
ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവര്‍ പ്രത്യേക ട്രെയിനുകളിൽ ബീഹാറിലെത്തി തുടങ്ങിയിട്ടുണ്ട്. ഇവരെ പ്രത്യേക ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ബിഹാർ ബിജെപി പ്രസിഡന്‍റ് ഡോ. സഞ്ജയ് ജയ്‌സ്വാൾ, കൃഷി മന്ത്രി പ്രേം കുമാർ, റോഡ് നിർമാണ മന്ത്രി നന്ദ കിഷോർ യാദവ്, ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ എന്നിവരുമായും വിവിധ ദിവസങ്ങളിൽ ടെലി കോൺഫറൻസിങ് വഴി കാര്യങ്ങൾ ചര്‍ച്ച ചെയ്‌തതായി അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് രോഗബാധിതരെ തിരിച്ചറിയുന്നതിനായി ഡോർ ടു ഡോർ സ്ക്രീനിങ് യജ്ഞം ആരംഭിച്ചിരുന്നു. മെയ് ഏഴിനോടകം ഇത് 1.86 കോടി വീടുകളില്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 3,232 ക്വാറന്‍റൈൻ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു. 80ലധികം ട്രെയിനുകളിലായി ഒരു ലക്ഷത്തോളം അതിഥി തൊഴിലാളികൾ ബീഹാറിലെത്തിയിട്ടുണ്ടെന്നും പിപിഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയ്ക്ക് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.