ആരോഗ്യ പ്രവർത്തകര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ വിശദീകരണം തേടി ഡൽഹി സർക്കാർ - കൊവിഡ് 19
ദേശിയ തലസ്ഥാനത്ത് 200ലധികം ആരോഗ്യ പ്രവർത്തകർക്കാണ് നിലവിൽ വൈറസ് ബാധിച്ചിരിക്കുന്നത്

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതോടെ ആരോഗ്യ പ്രവർത്തകരിൽ എങ്ങനെ രോഗം ബാധിച്ചെന്ന് രേഖാമൂലം വിശദീകരണം തേടണമെന്ന് മെഡിക്കൽ ഡയറക്ടർമാരോട് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ. ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷിതമായ അകലം പാലിച്ചിട്ടും ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടെ വൈറസ് പിടിപെടുകയാണെന്ന് ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ല പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ നോൺ-കൊവിഡ് ആശുപത്രികളിൽ പോലും വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യമാണ്. മെഡിക്കൽ ഡയറക്ടർമാർ ഉൾപ്പെടെ 14 ദിവസം ക്വാറന്‍റൈനിൽ പോകുന്നു. ഇത് ആശുപത്രികളിലെ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും കുറവിന് കാരണമാകുന്നു. ദേശിയ തലസ്ഥാനത്ത് 200ലധികം ആരോഗ്യ പ്രവർത്തകർക്കാണ് നിലവിൽ വൈറസ് ബാധിച്ചിരിക്കുന്നത്.