കേരളം

kerala

ETV Bharat / bharat

ഇന്‍ഡോ-യുഎസ് വ്യാപാരം: ജോ ബൈഡനോ, ട്രംപോ ഇന്ത്യക്ക് കൂടുതല്‍ അഭികാമ്യം?

#ബാറ്റില്‍ഗ്രൗണ്ട് യുഎസ്എ 2020 എന്ന പരമ്പരയുടെ എപ്പിസോഡില്‍ മുതിര്‍ന്ന പത്ര പ്രവര്‍ത്തക സ്‌മിതാ ശര്‍മ്മ, ഇന്ത്യ നേരിടുന്ന വ്യാപാര, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും, ഇന്ത്യയുടെ ഉല്‍കണ്‌ഠകള്‍ പരിഹരിക്കുവാന്‍ ട്രംപാണോ, ബൈഡനാണോ അഭികാമ്യം എന്നുള്ള വിഷയങ്ങൾ ചർച്ച ചെയ്‌തു.

IndoUS Trade & Economy: The Better Choice for India- Trump Or Biden?  IndoUS Trade  IndoUS  Trump Or Biden  ഇന്ത്യയും യുഎസും തമ്മില്‍ ശക്തമായ തന്ത്രപരത  ജോ ബൈഡനോ, ട്രംപോ ഇന്ത്യക്ക് കൂടുതല്‍ അഭികാമ്യം?  അമേരിക്കൻ തെരഞ്ഞെടുപ്പ്  ന്യൂഡൽഹി
ഇന്‍ഡോ-യുഎസ് വ്യാപാരം: ജോ ബൈഡനോ, ട്രംപോ ഇന്ത്യക്ക് കൂടുതല്‍ അഭികാമ്യം?

By

Published : Sep 6, 2020, 10:11 PM IST

Updated : Sep 6, 2020, 10:47 PM IST

ഇന്ത്യയും യുഎസും തമ്മില്‍ ശക്തമായ തന്ത്രപര, പ്രതിരോധ പങ്കാളിത്തമാണ് നിലവിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തിന്‍റെ മൂല്യം 142 ബില്ല്യണ്‍ ഡോളറിലധികമായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഏറെ കാലമായി നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങളുമുണ്ട്. കുടിയേറ്റത്തേയും, പരിമിത വ്യാപാര കരാറിനേയും സംബന്ധിച്ചുള്ളതാണ് അവയില്‍ പ്രധാനമായത്. അതില്‍ വ്യാപാര കരാര്‍ ഏറെ കാലമായി തീര്‍പ്പാകാതെ കിടക്കുന്ന ഒരു തര്‍ക്കമാണ്.

ഇന്‍ഡോ-യുഎസ് വ്യാപാരം: ജോ ബൈഡനോ, ട്രംപോ ഇന്ത്യക്ക് കൂടുതല്‍ അഭികാമ്യം?

2020 ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചിട്ട് പോലും ഈ കരാറില്‍ ഒപ്പു വെയ്ക്കുവാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈയിടെ യുഎസ്-ഇന്ത്യ സ്റ്റാറ്റജിക് പാര്‍ട്‌ണര്‍ഷിപ്പ് ഫോറം (യുഎസ് ഐഎസ്‌പിഎഫ്) സംഘടിപ്പിച്ച ഒരു വാര്‍ഷിക യോഗത്തില്‍ ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത് നവംബറില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പായി തന്നെ ഒരു പരിമിത വ്യാപാര കരാര്‍ ഒപ്പു വെയ്ക്കുവാനുള്ള സാധ്യതയുണ്ട് എന്നാണ്.

#ബാറ്റില്‍ഗ്രൗണ്ട് യുഎസ്എ 2020 എന്ന പരമ്പരയുടെ എപ്പിസോഡില്‍ മുതിര്‍ന്ന പത്ര പ്രവര്‍ത്തക സ്‌മിതാ ശര്‍മ്മ ഇന്ത്യ നേരിടുന്ന വ്യാപാര, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും, ഇന്ത്യയുടെ ഉല്‍കണ്‌ഠകള്‍ പരിഹരിക്കുവാന്‍ ട്രംപാണോ, ബൈഡനാണോ അഭികാമ്യം എന്നുള്ള വിഷയങ്ങൾ ചർച്ച ചെയ്‌തു.

ഒരു പരിമിത വ്യാപാര കരാറിന്‍റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ വാഷിംഗ്‌ടണ്‍ ഡിസിയിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്ത്യ ഇനീഷേറ്റീവ് ഡയറക്‌ടറായ ഡോക്‌ടര്‍ അപര്‍ണാ പാണ്ഡെ പറഞ്ഞത് അതിനുള്ള സാധ്യത തീരെ ഇല്ല എന്നാണ്. “വരാനിരിക്കുന്ന മാസങ്ങളില്‍ സൂക്ഷ്‌മമോ അല്ലെങ്കില്‍ ചെറുതോ ആയ ഒരു വ്യാപാര കരാര്‍ ഒപ്പു വെയ്ക്കും എന്നുള്ള കാര്യത്തില്‍ എനിക്ക് ഒരു ഉറപ്പുമില്ല. ഇന്ത്യക്ക് പകരമായി ഒരു അധിക ജിഎസ്‌പി (ജനറലൈസ്‌ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്) യുഎസ് നല്‍കും എന്നുള്ളത് മാത്രമാണ് ഒരു സാധ്യതയായി കാണാവുന്നത്. എടുത്തു കളഞ്ഞ പ്രത്യേക അവകാശങ്ങളിൽ ഏതാണ്ട് ആറ് മുതല്‍ എട്ട് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമായിരുന്നു. അത് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് എടുത്തു കളഞ്ഞത്. വരാനിരിക്കുന്ന ഒന്നോ രണ്ടോ മാസങ്ങളില്‍ പ്രസിഡന്‍റിന് അത് ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ അത് തീരെ ചെറിയ കരാറായിട്ടാണ് തോന്നുന്നത്,'' ചാണക്യ ടു മോദി ആന്‍റ് മെയ്ക്കിങ്ങ് ഇന്ത്യ ഗ്രേറ്റ് എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയായ ഡോക്ടര്‍ അപർണ പറഞ്ഞു.

“നമ്മള്‍ ഇന്ത്യയും യുഎസും ഒരുപോലെ ദേശീയതാവാദികളും സ്വന്തം കാര്യം സംരക്ഷിക്കാന്‍ വെമ്പുന്നതുമായ ഒരു കാലഘട്ടത്തിലാണ് കഴിയുന്നതെന്നതാണ് വ്യാപാര കരാർ ഉണ്ടാവുന്നതിനുള്ള തടസം. നിരക്ക് രാജാവ് എന്ന് നിങ്ങള്‍ വിളിക്കുകയും കാര്‍ഷിക സബ്‌സിഡി മുതല്‍, ഭൗതിക സ്വത്തവകാശവും, തീരുവകളും വരെയുള്ള നിറയെ പ്രശ്‌നങ്ങള്‍ ഉള്ളതുമായ ഒരു രാജ്യവുമായി പെട്ടെന്ന് കൈകോര്‍ത്ത് “അമേരിക്ക ആദ്യം” എന്ന ഒരു നയം സ്വീകരിക്കുക വളരെ പ്രയാസമായ കാര്യമാണ്. അതിനാല്‍ അടുത്ത രണ്ട് മാസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റിനും അത് ചെയ്യുന്നത് പ്രയാസകരമായ കാര്യം തന്നെയാണ്.

ബൈഡനായാലും ട്രംപായാലും അടുത്ത ഭരണകൂടവും അതിന് തയ്യാറാവുമോ എന്നുള്ള കാര്യം എനിക്കറിയില്ല. ഇന്ത്യയുടെ ഭാഗത്തും ചില പ്രയാസങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മോശമായ അവസ്ഥയിലാണുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വന്തം കര്‍ഷകരേയും ഉല്‍പാദകരെയും ഒക്കെ സംരക്ഷിക്കുവാന്‍ പ്രധാനമായ ചില നിരക്കുകളും തീരുവകളും ഉള്‍പ്പെടുന്ന പ്രശ്‌നവുമുണ്ട്,'' അവര്‍ കൂടുതല്‍ വിശദീകരിച്ചു.

ഫ്രാന്‍സിലെ ഇന്ത്യയുടെ മുന്‍ അംബാസിഡറും വ്യാപാര വിലപേശല്‍ വിദഗ്‌ധനുമായ മോഹന്‍ കുമാറും ഇതേ സംശയങ്ങള്‍ തന്നെ പങ്കു വെക്കുന്നു. 2021 ആദ്യപാദത്തിനു മുന്‍പായി ഒരു വ്യാപാര കരാര്‍ ഉണ്ടാകുവാനുള്ള സാധ്യത വിരളമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യക്ക് ഏറെ ഉല്‍കണ്‌ഠ ഉളവാക്കുന്ന ചില സങ്കീര്‍ണമായ പ്രശ്‌നങ്ങളും അദ്ദേഹം ഉയര്‍ത്തി കാട്ടുന്നുണ്ട്.

“അതില്‍ ഏറ്റവും പ്രധാനമായുള്ള കാര്യം ഇപ്പോള്‍ യുഎസ്, ഇന്ത്യയെ ചൈനയുമായി സാമ്യപ്പെടുത്തി ഇരു രാജ്യങ്ങളും വികസിത രാജ്യങ്ങള്‍ എന്നുള്ള നിലയില്‍ ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്നവരല്ല എന്നാണ് പറയുന്നത്. മുന്‍ കാലങ്ങളില്‍ ഇത്തരം വിലപേശലുകളില്‍ പങ്കെടുത്ത ആളെന്ന നിലയില്‍ ഈ വാദം എന്നെ ഞെട്ടിച്ചു. ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ചൈന 13 ട്രില്ല്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയാകട്ടെ വെറും 2.7 ട്രില്ല്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയും. ഇക്കാര്യം മുന്നില്‍ വെച്ചു വേണം അടുത്ത ഭരണകൂടത്തോട് കാര്യങ്ങൾ വിശദീകരിക്കേണ്ടത്. ആര്‍ഐഎസ് എന്ന തിങ്ക് ടാങ്കിന്‍റെ ചെയര്‍മാനും ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് ഡീനുമായ മോഹന്‍ കുമാര്‍ പറയുന്നു.

“നിലവില്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന ബഹുകക്ഷി ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ മേല്‍ പറഞ്ഞ കാരണം വെച്ച് നമുക്ക് വികസിത രാജ്യം എന്നുള്ള പദവി തിരിച്ചു കിട്ടേണ്ടതുണ്ട്. നിങ്ങളെ ഞങ്ങള്‍ ചൈനയെ പോലെ അല്ലെങ്കില്‍ മറ്റാരെയെങ്കിലും പോലെ കണക്കാക്കാന്‍ പോകുന്നു എന്ന് യുഎസ് പറയുകയാണെങ്കില്‍ ലോക വ്യാപാര സംഘടനയില്‍ നമുക്ക് ഇനി വില പേശല്‍ അത്ര എളുപ്പമായിരിക്കില്ല. മറ്റെല്ലാം നമുക്ക് വേണമെങ്കില്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ഇത് അങ്ങേയറ്റം നിര്‍ണായകമായ കാര്യമാണ്. അതുകൊണ്ട് യുഎസ് വ്യാപാര പ്രതിനിധിയായ ലൈത്തിസര്‍ ഇക്കാര്യത്തില്‍ വഴങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല,'' ജിഎസ്‌പിയോടൊപ്പം ഡിജിറ്റല്‍ സേവന നികുതിയേയും മറ്റൊരു സങ്കീര്‍ണതയായി ചൂണ്ടിക്കാട്ടി കൊണ്ട് മോഹന്‍ കുമാര്‍ പറയുന്നു.

“യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫ്രാന്‍സുമായി ചേര്‍ന്നു കൊണ്ട് എടുത്തിരിക്കുന്ന ഒരു നിലപാട് ഉണ്ട്. അത് പ്രകാരം അവര്‍ ഫ്രാന്‍സിന്‍റെ ഡിജിറ്റല്‍ സേവന നികുതി ഏര്‍പ്പെടുത്തലിനുള്ള പ്രതികരണം എന്ന നിലയില്‍ ശിക്ഷാ നിരക്കുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ ഇപ്പോള്‍ തന്നെ അത് ചെയ്‌തു കഴിഞ്ഞിട്ടുണ്ട്. തത്തുല്യ തീരുവ എന്നോ മറ്റോ ആണ് നമ്മള്‍ അതിനെ വിളിക്കുന്നത്. അത് ഗൂഗിളിനേയോ ആമസോണിനേയോ ലക്ഷ്യം വെച്ചിട്ടുള്ളതല്ല എന്ന് അമേരിക്കയോട് വിശദീകരിച്ചു കൊടുക്കുവാന്‍ നമ്മള്‍ ഏറെ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം ആദ്യ പാദത്തോടെ അതുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,'' അദ്ദേഹം കൂട്ടിചേര്‍ത്തു.

ഊര്‍ജ്ജം, വ്യാപാരം, കുടിയേറ്റം എന്നിങ്ങനെയുള്ള മേഖലകളിലെ പരിഗണനകള്‍ സംബന്ധിച്ച് ഇന്ത്യയുമായി ട്രംപ് ഭരണകൂടത്തിന്‍റെ നിലപാടിനേക്കാൾ കൂടുതല്‍ സഹകരണം ജോ ബൈഡന്‍ ഭരണകൂടം എടുക്കുമോ എന്നുള്ള കാര്യവും സംഭാഷണത്തില്‍ ചര്‍ച്ചാ വിഷയമായി. നവംബറിനു ശേഷം വൈറ്റ് ഹൗസില്‍ പുതിയ പ്രസിഡന്‍റായി ആരു വരുന്നു എന്നതിനെ ആശ്രയിച്ച് യുഎസ്-ചൈന വ്യാപാര വേര്‍പെടല്‍ കൂടുതല്‍ വേഗത്തില്‍ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യക്കുണ്ടാകുന്ന കെണികള്‍ അല്ലെങ്കില്‍ അവസരങ്ങള്‍ എന്നിവയിലേക്കും ചര്‍ച്ച കടന്നു.

“പ്രസിഡന്‍റ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അത് അദ്ദേഹത്തിന്‍റെ അധികാരത്തിലെ അവസാനത്തെ നാല് വര്‍ഷമായി തീരും. കാരണം പിന്നീട് അദ്ദേഹത്തിന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ല. അതിനാല്‍ അദ്ദേഹം രണ്ടില്‍ ഒരു നയം, മിക്കവാറും സ്വീകരിച്ചേക്കും. അതനുസരിച്ച് ആയിരിക്കും അദ്ദേഹം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുക. അതിനെയാണ് അദ്ദേഹം 1980 മുതല്‍ അല്ലെങ്കില്‍ 1990കള്‍ മുതല്‍ ഭയന്നു വരുന്നത്.

കുടിയേറ്റം അദ്ദേഹത്തിന് ഒരു വലിയ പ്രശ്‌നം തന്നെയാണ്. ഇതുവരെ അക്കാര്യത്തില്‍ അദ്ദേഹം ചെയ്‌തതില്‍ മിക്കവയും എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ്. കാരണം കുടിയേറ്റ പരിഷ്‌കാരങ്ങള്‍ അമേരിക്കയില്‍ നടപ്പില്‍ വരുത്തേണ്ടത് കോണ്‍ഗ്രസാണ്. അല്ലാതെ ഭരണകൂടമല്ല. പക്ഷെ അദ്ദേഹം കുടിയേറ്റം നിയന്ത്രിക്കുവാനുള്ള കൂടുതല്‍ നയങ്ങള്‍ കൈകൊള്ളുവാന്‍ ശ്രമിച്ചേക്കും. അത് എച്ച് 1 ബി അല്ലെങ്കില്‍ എല്‍ 1 വിസയുടേയോ, ഗ്രീന്‍ കാര്‍ഡിന്‍റെയോ വിദ്യാർഥികള്‍ക്കുള്ള വിസയുടെ കാര്യത്തിലായാലും ശരി. അത് തീര്‍ച്ചയായും ഇന്ത്യയെ സാരമായി ബാധിക്കുക തന്നെ ചെയ്യും. ഇന്ത്യക്കാര്‍ ഇവിടെ പഠിക്കാന്‍ വരുന്നു എന്നതു കൊണ്ട് മാത്രമല്ല അത്. ഇന്ത്യയിലേക്ക് അയക്കുന്ന പണത്തേയും അത് ബാധിക്കും. അതോടൊപ്പം തന്നെ വര്‍ഷങ്ങളായി നമ്മള്‍ കെട്ടിപടുക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ബന്ധത്തെയും ഒരുപോലെ ബാധിക്കുന്നതാകും ഈ തീരുമാനം,'' ഡോക്ടര്‍ അപർണ വാദിക്കുന്നു.

ആത്യന്തികമായി ഇന്ത്യയും അമേരിക്കയും ഒരു രാഷ്ട്രീയ നിലപാട് എടുക്കേണ്ടതുണ്ട് എന്ന് അവര്‍ അടിവരയിട്ട് പറയുന്നു. കാരണം നിലവില്‍ തന്ത്രപരമായ നയങ്ങള്‍ക്ക് പിറകില്‍ മാത്രമായാണ് സാമ്പത്തിക കാര്യങ്ങള്‍ ഇതുവരെ കണ്ടു വരുന്നത്. ബൈഡന്‍ ഭരണകൂടം അതിനൈപുണ്യമുള്ള ആളുകളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് മോഹന്‍ കുമാര്‍ വിശ്വസിക്കുന്നത്. പക്ഷെ അതിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ടെന്ന് അദ്ദേഹം കരുതുന്നു.

“ബൈഡന്‍ ഭരണകൂടം അധികാരത്തില്‍ എത്തുകയാണെങ്കില്‍ നമുക്ക് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ലോക വ്യാപാര സംഘടന പുനരുജ്ജീവിപ്പിക്കപ്പെടാനുള്ള ഒരു സാധ്യതയുണ്ട്. പിന്നീട് നമ്മള്‍ ഒരു തരത്തിലുള്ള സഖ്യം രൂപീകരിക്കുവാന്‍ ശ്രമിക്കും. ഒന്നുകില്‍ ഒരു നിര രാജ്യങ്ങളുടെ സംഘം അല്ലെങ്കില്‍ ഉഭയകക്ഷി ബന്ധങ്ങള്‍. എന്നിട്ട് അവരോട് നമ്മള്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ ഇരുന്ന് ബിസിനസ് ചെയ്യാം പക്ഷെ ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുത് എന്ന് പറയും.

പ്രത്യേക വ്യത്യാസം കണക്കിലെടുത്തു കൊണ്ടുള്ള സമീപനം എടുത്തു കളയരുതെന്നും, ജിഎസ്‌പി എടുത്തു കളയരുതെന്നും പറയും. പിന്നെയും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. തൊഴില്‍ നിലവാരത്തിന്‍റെയും, പാരിസ്ഥിതിക നിലവാരത്തിന്‍റെയും കാര്യം വരുമ്പോള്‍ അവര്‍ കൂടുതല്‍ കര്‍ക്കശക്കാരായി മാറുവാന്‍ ഇടയുണ്ടെന്ന് ഞാന്‍ കരുതുന്നു എന്നതാണ് ഒരു ഉദാഹരണം. മറ്റൊന്ന് അവര്‍ എല്ലാവരേയും ലോക വ്യാപാര സംഘടനയില്‍ ഉള്‍പ്പെടുത്തും. പാരിസ്ഥിതിക, തൊഴില്‍ നിലവാരങ്ങളുടെ കാര്യത്തില്‍ കുറ്റ വിചാരണ ചെയ്‌ത് ശിക്ഷിക്കുന്നതിനായി ഡെമോക്രാറ്റുകള്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒരു മേഖലയാണ് വ്യാപാരം,'' മോഹന്‍ കുമാര്‍ പറഞ്ഞു.

Last Updated : Sep 6, 2020, 10:47 PM IST

For All Latest Updates

ABOUT THE AUTHOR

...view details