ഇന്ത്യ-ചൈന സംഘർഷം; അയോധ്യയിലെ രാമക്ഷേത്ര നിർമാണം നിർത്തിവച്ചു - ക്ഷേത്രനിർമാണ പദ്ധതി
ലഡാക്കിലെ ഗൽവാനിൽ നടന്ന സംഘർഷത്തിൽ കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് രാം മന്ദിർ ട്രസ്റ്റ് ക്ഷേത്രനിർമാണ പദ്ധതി ആരംഭിക്കാനുള്ള തീരുമാനം മാറ്റിവച്ചത്
ലഖ്‌നൗ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തോടനുബന്ധിച്ച് അയോധ്യയിലെ രാമക്ഷേത്ര നിർമാണം നിർത്തിവെച്ചു. ലഡാക്കിലെ ഗൽവാനിൽ നടന്ന സംഘർഷത്തിൽ കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് രാം മന്ദിർ ട്രസ്റ്റ് പദ്ധതി ആരംഭിക്കാനുള്ള തീരുമാനം മാറ്റിവച്ചത്. സൈനികരുടെ വിയോഗത്തിൽ ട്രസ്റ്റ് ആശങ്ക പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്‍റെ നിർമാണം വീണ്ടും ആരംഭിക്കാനുള്ള തീരുമാനം സാഹചര്യമനുസരിച്ച് എടുക്കുമെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി ഗൗരവമുള്ളതാണെന്നും ചൈനയെ പ്രതിരോധിക്കുന്നത് ഏറ്റവും പ്രധാനമാണെന്നും ട്രസ്റ്റ് പറഞ്ഞു. സൈനികർക്ക് ട്രസ്റ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. അതേസമയം, വിവിധ ഹിന്ദു സംഘടനകൾ ചൈനക്കെതിരെ അയോധ്യയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹിന്ദു മഹാസഭ പ്രവർത്തകർ ചൈനീസ് പതാക കത്തിച്ചപ്പോൾ, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിന്‍റെ പ്രതിമ കത്തിക്കുകയും ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ തകർക്കുകയും ചെയ്‌തു.