ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ 'പ്ലാസ്‌മ ബാങ്ക്' ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്‍റ് ബൈലിയറി സയൻസസിൽ സർക്കാർ സ്ഥാപിച്ച പ്ലാസ്‌മ ബാങ്കിൽ കൊവിഡ് മുക്തി നേടിയവരുടെ പ്ലാസ്‌മയാണ് ദാനം ചെയ്യുന്നത്. ഈ മാസം രണ്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പ്ലാസ്‌മ ബാങ്ക് ഉദ്‌ഘാടനം ചെയ്‌തത്. ഡൽഹിയിലെ ആശുപത്രികളിൽ പ്ലാസ്‌മ ലഭ്യമാക്കുകയാണ് പ്ലാസ്‌മ ബാങ്കിന്‍റെ ലക്ഷ്യം. പ്ലാസ്‌മ ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേർ ബന്ധപ്പെടാറുണ്ടെന്നും, ബാങ്ക് സ്ഥാപിച്ചതോടെ പ്ലാസ്‌മ ലഭ്യമാക്കാൻ സാധിക്കുമെന്നും പ്ലാസ്‌മ ബാങ്കിന്‍റെ ചുമതലയുള്ള ഡോ. അനിത പറഞ്ഞു. കൊവിഡ് ഭേദമായി 14 ദിവസം പിന്നിട്ട ഒരാൾക്ക് മാത്രമെ പ്ലാസ്‌മ ദാനം ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് ഡോ. അനിത പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ 'പ്ലാസ്‌മ ബാങ്ക്' ഡൽഹിയിൽ - അരവിന്ദ് കെജ്‌രിവാൾ
ഈ മാസം രണ്ടിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്ലാസ്‌മ ബാങ്ക് ഉദ്‌ഘാടനം ചെയ്‌തു. ഡൽഹിയിലെ ആശുപത്രികളിൽ പ്ലാസ്‌മ ലഭ്യമാക്കുകയാണ് പ്ലാസ്‌മ ബാങ്കിന്‍റെ ലക്ഷ്യം.
പ്ലാസ്‌മ ദാനം ചെയ്യാൻ താൽപര്യമുള്ളവരെ നടപടിക്രമങ്ങൾ അറിയിക്കുകയും, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. ആദ്യം ദാതാവിന്‍റെ രക്തസാമ്പിൾ സ്വീകരിക്കും. ശേഷം ഞരമ്പുകൾ, രക്തസമ്മർദം, താപനില എന്നിവ പരിശോധിക്കും. ദാതാവിന് വിശ്രമം നൽകിയശേഷം സാമ്പിളുകൾ പരിശോധിക്കുകയും ദാനം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ ആവശ്യമാണ്. ഒരു ദാതാവിൽ നിന്ന് ലഭിക്കുന്ന 500 മില്ലിലിറ്റർ പ്ലാസ്‌മ രണ്ട് രോഗികളെ സഹായിക്കും. കുറഞ്ഞത് ഒരു വർഷം വരെ പ്ലാസ്‌മ സൂക്ഷിക്കാൻ സാധിക്കും. കൊവിഡ് പ്രതിസന്ധിയിൽ രോഗികളെ സഹായിക്കാൻ ആഗ്രഹിച്ചിരുന്നതായും, ദാനത്തിന് പിന്തുണച്ച അമ്മക്കും കുടുംബാംഗങ്ങൾക്കും നന്ദി പറയുന്നതായും പ്ലാസ്‌മ ദാനം ചെയ്‌ത രോഹൻ പറഞ്ഞു.
വീഡിയോ കോൺഫറൻസ് വഴി പ്ലാസ്‌മ ബാങ്ക് ഉദ്‌ഘാടനം ചെയ്‌ത അരവിന്ദ് കെജ്‌രിവാൾ ദാനം ചെയ്യാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തു. കൊവിഡ് ഭേദമായ, 18 നും 60 നും ഇടയിൽ പ്രായമുള്ള, 50 കിലോഗ്രാമിൽ കൂടുതൽ ശരീരഭാരമുള്ള എല്ലാവർക്കും പ്ലാസ്‌മ ദാനം ചെയ്യാൻ സാധിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. പ്രസവം കഴിഞ്ഞ സ്‌ത്രീകൾക്കും, ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്കും പ്ലാസ്‌മ ദാനം ചെയ്യാൻ സാധിക്കില്ല. പ്ലാസ്‌മ ദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് 1031 എന്ന നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ 8800007722 എന്ന വാട്ട്‌സാപ്പ് നമ്പറിൽ വിവരമറിയിക്കാം. ശേഷം ഡോക്‌ടർമാർ നടപടിക്രമങ്ങളെക്കുറിച്ച് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,200 ആണ്. 68,256 പേർ രോഗമുക്തി നേടിയപ്പോൾ 25,940 പേർ ചികിത്സയിൽ തുടരുന്നു.