ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ 8,20,916 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 22,123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 519 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് കൊവിഡ് മുക്തി നേടിയവര്‍ അഞ്ച് ലക്ഷം കടന്നു - India COVID-19
ഇന്ത്യയില്‍ 8,20,916 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 22,123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്. കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി തിരിച്ചും നിരീക്ഷണം ശക്തമാക്കിയും സമയബന്ധിതമായി രോഗനിര്‍ണയം നടത്തിയും കൊവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. ഇതിന്‍റെയൊക്കെ ഫലമായാണ് രാജ്യത്ത് രോഗമുക്തി നിരക്ക് 62.78 ശതമാനമായി ഉയര്‍ത്താൻ കഴിഞ്ഞതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 5,15,385 പേര്‍ രോഗമുക്തി നേടി. 2,31,978 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ജൂലൈ 10 വരെ മൊത്തം 1,13,07,002 സാമ്പിളുകൾ പരിശോധിച്ചു. വെള്ളിയാഴ്‌ച 2,82,511 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഐസിഎംആറിന് കീഴിൽ 1,180 ലാബുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.