കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ വിനയ് കുമാർ സിഖ് ഗുരുദ്വാര സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഭീകരരുടെ ആക്രമണത്തില്‍ ഗുരുദ്വാരയില്‍ കൊല്ലപ്പെട്ട 25 പേരുടെ കുടുംബങ്ങളെ സന്ദർശിച്ച വിനയ് കുമാർ അനുശോചനവും രേഖപ്പെടുത്തി. കാബൂളിലെ ഷോർ ബസാറിന് സമീപത്തെ ധരംശാലയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. രാജ്യത്തെ ഹിന്ദു, സിഖ് ന്യൂനപക്ഷ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സിഖുക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രദേശത്ത് നിന്ന് 11 കുട്ടികളെ രക്ഷപ്പെടുത്തിയതായി കാബൂൾ പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുമെന്നും അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹി സ്വദേശി ടിയാൻ സിങിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എംബസി അറിയിച്ചു. മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട ടിയാൻ സിങ്ങിന്‍റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.