ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ 'സമുദ്ര സേതു'വിന് തുടക്കമായി. ഇതിനായി മാലിദ്വീപിലെ മാലി തുറമുഖത്തിൽ നിന്നും നാവികസേനയുടെ കപ്പലുകളായ ജലാശ്വയും മഗറും വെള്ളിയാഴ്‌ച പുറപ്പെടും. കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ വിശദമായി നിരീക്ഷിച്ചു വരികയാണെന്നും കടൽ മാർഗം ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഇന്ത്യൻ നാവിക സേനക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നാട്ടിലെത്തിക്കേണ്ട ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചുള്ള വിവരങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ്. സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിന് ശേഷം ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൗരന്മാരെ തിരിച്ചെത്തിക്കുമെന്ന് നാവികസേനയും അറിയിച്ചിട്ടുണ്ട്. മൊത്തം 1000 പേരെ കപ്പൽമാർഗം കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിയമിച്ചിട്ടുള്ള നാവിക ഉദ്യോഗസ്ഥർക്കും അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഓപ്പറേഷൻ 'സമുദ്ര സേതു'; ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള കപ്പലുകൾ വെള്ളിയാഴ്‌ച പുറപ്പെടും
ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മാലിദ്വീപിലെ മാലി തുറമുഖത്തിൽ നിന്നും നാവികസേനയുടെ കപ്പലുകളായ ജലാശ്വയും മഗറും വെള്ളിയാഴ്‌ച പുറപ്പെടും
ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
വിദേശത്ത് നിന്ന് കൊണ്ടുവരുന്നവരെ കൊച്ചിയിലായിരിക്കും എത്തിക്കുന്നതെന്നും ശേഷം ഇവരുടെ ചുമതല സംസ്ഥാന ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിരോധം, വിദേശം, ആഭ്യന്തരം, ആരോഗ്യം എന്നീ വകുപ്പുകളിലെ മന്ത്രാലയങ്ങളുമായും കേന്ദ്ര സർക്കാരിന്‍റെയും സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുമായും ഉള്ള ഏകോപനത്തിലൂടെ ആയിരിക്കും വിദേശത്തുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക.