കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ കൈവരിക്കുമെന്ന് റാം മാധവ് - എക്കോണമി

ഇ ടി വി ഭാരതുമായി നടത്തിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ ബി ജെ പി ജനറല്‍ സെക്രട്ടറി റാം മാധവ്, മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് വാചാലനായി. അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തെക്കുറിച്ചും കൊവിഡാനന്തര ലോകത്ത് സ്വയം പര്യാപ്‌തമാവേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Ram Madhav  COVID-19  Modi 2.0  Atma Nirbhar Bharat  5 trillion economy  അഞ്ച് ട്രില്ല്യണ്‍ ഡോളര്‍  ഇന്ത്യൻ സമ്പദ് വ്യവസ്ഥ  കൊവിഡ്  എക്കോണമി  മോദി സർക്കാർ
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ നില കൈവരിക്കുമെന്ന് റാം മാധവ്

By

Published : Jun 4, 2020, 6:31 PM IST

കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഈ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നത് എന്താണ്?

രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളായി എടുത്തു കാട്ടുവാന്‍ ഞങ്ങള്‍ക്ക് നിരവധി കാര്യങ്ങളുണ്ട്. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ നിരവധിയാണ്. സ്ത്രീകള്‍ക്കും ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കുമായി മോദി സര്‍ക്കാര്‍ നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ കൊണ്ടു വരികയുണ്ടായി. മുസ്ലീം സ്ത്രീകള്‍ക്കു വേണ്ടി മുത്തലാഖ് നിയമം, ഭിന്ന ലൈംഗികശേഷിക്കാര്‍ക്കുള്ള നിയമങ്ങള്‍, 370-ാം വകുപ്പ് റദ്ദാക്കല്‍, ദേശീയ ഐക്യം മുന്നില്‍ കണ്ടു കൊണ്ടുള്ള 35-എ വകുപ്പ്, അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമ ഭേദഗതി എന്നിങ്ങനെ ഒട്ടേറെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുകയുണ്ടായി. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ നിലയിലേക്കെത്തിക്കുവാന്‍ നിരവധി നടപടികളാണ് മോദി സർക്കാർ എടുത്തത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ നില കൈവരിക്കുമെന്ന് റാം മാധവ്

അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുവാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് കഴിയുമോ?

അഞ്ച് ട്രില്ല്യണ്‍ സമ്പദ്‌ വ്യവസ്ഥ എന്ന നിലയിലേക്ക് നമ്മള്‍ മുന്നേറികൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് മൂലമുണ്ടായ മന്ദഗതി മാത്രമാണ് ഇടക്ക് പ്രതിബന്ധമായി ഉണ്ടായിട്ടുള്ളത്. പക്ഷെ അത് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനു മുഴുവന്‍ ബാധകമായ കാര്യമാണ്. 2025ഓടു കൂടി അഞ്ച് ട്രില്ല്യണ്‍ എന്ന ലക്ഷ്യം കൈവരിക്കുവാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കഴിയുമോ എന്ന സംശയം ആളുകളുടെ മനസ്സില്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യണ്‍ നില കൈവരിക്കുമെന്ന് മാത്രമല്ല 2030ഓടു കൂടി അത് പത്ത് ട്രില്ല്യണ്‍ ആയി ഉയരും. എന്നാല്‍ പദ്ധതികളും നയങ്ങളും അതിവേഗത്തില്‍ നടപ്പിലാക്കി, വരാനിരിക്കുന്ന പാദത്തില്‍ ആ പ്രതിബന്ധങ്ങള്‍ സര്‍ക്കാര്‍ മറി കടക്കുക തന്നെ ചെയ്യും.

ചൈനീസ് വിപണിയെ മറികടന്ന് ആത്മനിര്‍ഭരത കൈവരിക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം ഇന്ത്യക്ക് കൈവന്നിരിക്കുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

മോദി സര്‍ക്കാര്‍ ആദ്യ ഭരണ കാലഘട്ടത്തില്‍ തന്നെ സ്വയം പര്യാപ്‌തത കൈവരിക്കുക എന്ന വലിയ ലക്ഷ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ എന്നിങ്ങനെയുള്ള പദ്ധതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്നതു തന്നെ സ്വയം പര്യാപ്‌തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നമുക്ക് സ്വന്തം കാലില്‍ നിന്നു കൊണ്ട് വ്യാപാരം ചെയ്യുവാനുള്ള കഴിവുണ്ടാക്കി എടുക്കാനായിരുന്നു ഈ നീക്കങ്ങള്‍ നടത്തിയത്. ഇന്നിപ്പോള്‍ നമ്മള്‍ ഒരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ നമുക്ക് മുന്നേറുവാന്‍ കഴിയുന്ന നിരവധി മേഖലകള്‍ ഉണ്ടെന്ന് സർക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്വയം പര്യാപ്‌തത എന്നതിനര്‍ഥം നമ്മള്‍ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍പെട്ട് വീട്ടിൽ ഇരിക്കണം എന്നല്ല. നമ്മള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോകുന്നു എന്നാണ് അതിനർഥം. സ്വദേശി പ്രസ്ഥാനത്തെ അടിസ്ഥാനമാക്കി നമ്മള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്ല്യണ്‍ നിലയിലേക്ക് എത്തിക്കുകയും ഇന്ത്യ ലോക നേതാവായി മാറുകയും ചെയ്യും.

ഒമര്‍ അബ്ദുള്ളയും മെഹബൂബയും മാത്രമാണോ കശ്‌മീരില്‍ രണ്ട് നേതാക്കളായിട്ടുള്ളത്? 370 ആം വകുപ്പ് നീക്കം ചെയ്യല്‍, 35-എ വകുപ്പ് അല്ലെങ്കില്‍ സി എ എ കൊണ്ടു വന്നത് സർക്കാരിന്‍റെ നേട്ടങ്ങളായല്ല പ്രതിപക്ഷം കാണുന്നത്. സര്‍ക്കാര്‍ കരുതി കൂട്ടി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്?

ഏത് പ്രശ്‌നത്തിന്‍റെ പേരിലും വിവാദങ്ങള്‍ സൃഷ്ടിക്കുവാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പക്ഷെ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ എടുക്കുന്നുണ്ടോ അതെല്ലാം ദേശീയ താല്‍പര്യവും ദേശ സുരക്ഷയും രാജ്യത്തിന്‍റെ ഐക്യവും മുന്നില്‍ കണ്ടു കൊണ്ടുള്ള നടപടികളായിരുന്നു എന്ന് വ്യക്തമാക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തുടക്കം മുതല്‍ തന്നെ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പാര്‍ട്ടിക്ക് താത്വിക നിലപാടുകൾ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളിന്മേല്‍ ഞങ്ങള്‍ക്കുള്ള താത്വിക നിലപാടുമായാണ് ഞങ്ങള്‍ ജനങ്ങളെ സമീപിച്ചത്. 370-ാം വകുപ്പിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ പുതുതായി ഒന്നും ചെയ്‌തിട്ടില്ല. കഴിഞ്ഞ 50 വര്‍ഷമായി ഇക്കാര്യത്തെ കുറിച്ച് ഞങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങള്‍ ജനഹിതത്തിന് അനുസരിച്ചാണ് തീരുമാനം എടുത്തത്. ഒരു പരിധി വരെ ഇതിനെ എതിര്‍ക്കുവാന്‍ പ്രതിപക്ഷത്തിനു സ്വാതന്ത്ര്യമുണ്ടാകും. പക്ഷെ അവരുടെ എതിര്‍പ്പിനര്‍ഥം അവരുടെ നീക്കത്തെ ജനങ്ങള്‍ പിന്തുണച്ചു എന്നല്ല.

ജമ്മു കശ്മീരില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി വ്യവസായികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുമെന്ന് വാര്‍ത്തകളുണ്ട്. അത് ശരിയാണോ?

370-ാം വകുപ്പ് റദ്ദാക്കിയതോടു കൂടി ജമ്മുവും കശ്മീരും ഇപ്പോള്‍ ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതിനാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ തന്നെയാണ് ഇപ്പോള്‍ ജമ്മുവിലെയും കശ്മീരിലെയും എല്ലാ കാര്യങ്ങളും നടക്കുന്നത്. എന്നാല്‍ ഈ അടുത്ത കാലത്ത് ജനങ്ങളുടെയും ആ സംസ്ഥാനത്തിന്‍റെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ സ്ഥിരവാസ നയം അംഗീകരിച്ചിട്ടുണ്ട്.

സ്ഥിരവാസ നയം രൂപപ്പെടുത്തലാണ് ആദ്യത്തെ ചുവടുവെയ്പ്പ്. അതിനെ അടിസ്ഥാനമാക്കി കൊണ്ടാണ് മറ്റ് നയങ്ങള്‍ വരിക. വിശാലമായി പറഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും ജമ്മു കശ്മീരില്‍ മുതല്‍ മുടക്കാൻ ആളുകൾ കടന്നു വരികയും അവിടെ വികസനമുണ്ടാക്കി അതുവഴി ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുകയും അവര്‍ക്ക് ഉന്നത നിലവാരമുള്ള ജീവിതം ഉണ്ടാവുകയും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നിലവില്‍ ജമ്മു-കശ്മീരിന്‍റെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിനെ ആശ്രയിച്ചാണിരിക്കുന്നത്. ജമ്മു കശ്മീര്‍ സ്വയം പര്യാപ്തമാവുകയും അവിടെ വ്യവസായവും ബിസിനസുമെല്ലാം വളരുകയും ചെയ്‌താല്‍ മാത്രമേ ഈ സ്ഥിതി വിശേഷത്തില്‍ മാറ്റമുണ്ടാവുകയുള്ളൂ.

ജമ്മു കശ്‌മീരിൽ സാധാരണ നില പുനസ്ഥാപിക്കുന്നതിന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ നേതാക്കളും തടവില്‍ നിന്ന് മോചിതരായി കഴിഞ്ഞുവല്ലോ?

വെറും രണ്ട് വ്യക്തികള്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ മതിയോ? ആയിരകണക്കിനു നേതാക്കന്മാരുണ്ടവിടെ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു നേതാവും ജയിലിലില്ല. അപ്പോള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്തത്? നാഷണല്‍ കോണ്‍ഫറന്‍സിന്‍റെയും പിഡിപിയുടെയും ഏതാനും നേതാക്കള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം സ്വതന്ത്രരാണ്. അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കാം. ഇന്ന് സംസ്ഥാനത്തെ ജനങ്ങളെല്ലാം തന്നെ 370-ാം വകുപ്പ് റദ്ദാക്കിയത് അംഗീകരിച്ചു കഴിഞ്ഞു. ബി ജെ പി നേതാക്കള്‍ ഒഴിച്ച് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാരും ഒത്തൊരുമിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. തങ്ങളുടെ വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങി സംസ്ഥാനത്തെ പുതിയ ക്രമത്തിൽ മുന്നോട്ട് കൊണ്ടു പോകുവാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുവാന്‍ അവരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും അവിടെ ആരംഭിക്കണം.

ഒമര്‍ അബ്‌ദുള്ള പുറത്തിറങ്ങി കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുന്നില്ല. ഒമര്‍ അബ്ദുള്ളയും ബിജെപിയും തമ്മില്‍ ഒരു രാഷ്ട്രീയ ധാരണ ഉണ്ടാക്കിയതായി പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ?

നിലവില്‍ 24 രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ മാത്രമാണ് തടവിലുള്ളത്. സ്ഥിതി ഗതികള്‍ സാധാരണ നിലയിലാകുന്നതോടു കൂടി അവരും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സ്വതന്ത്രരാക്കപ്പെടും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും ജമ്മുവില്‍ സജീവമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. കശ്മീര്‍ താഴ്‌വരയിലെ ജനങ്ങള്‍ക്കിടയിലും ശ്രദ്ധാകേന്ദ്രമായി മാറുവാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇക്കാലം വരെ നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ ദയാവായ്‌പിലായിരുന്നു ജനങ്ങള്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ആ അവസ്ഥ മാറിയിരിക്കുന്നു. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഇനി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് താഴ്‌വരയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറും. നിലവില്‍ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു രാഷ്ട്രീയ സഖ്യമുണ്ടാക്കുവാനുള്ള ശ്രമമൊന്നും ഇല്ല.

അതിര്‍ത്തി പുനര്‍ നിര്‍ണയത്തിനു ശേഷം ജമ്മു മേഖലയില്‍ സീറ്റുകള്‍ കൂടുതലാവാനുള്ള സാധ്യത ഉണ്ടോ?

പുതിയ നിയമപ്രകാരം ബിജെപിക്ക് ആറ് സീറ്റുകള്‍ വര്‍ധിക്കും. പാര്‍ലമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ പുതിയ പ്രക്രിയകള്‍ നമ്മള്‍ ആരംഭിക്കേണ്ടതുണ്ട്. പുതിയ രൂപഘടന പ്രകാരം ജമ്മുവിന് എത്ര സീറ്റുകള്‍ ലഭിക്കുമെന്നും മറ്റിടങ്ങള്‍ക്ക് എത്രയെന്നുമുള്ള കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ പൂര്‍ണമായും ഈ പ്രക്രിയയുമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. എന്നാൽ മാത്രമേ ജമ്മു മേഖലക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്നും മറ്റ് ഭാഗങ്ങള്‍ക്ക് എത്ര സീറ്റ് കിട്ടുമെന്നുമുള്ള വ്യക്തമായ ചിത്രം ലഭിക്കൂ.

ചൈനയുമായുള്ള നിലവിലെ സംഘര്‍ഷങ്ങളെ കുറിച്ച് എന്തു പറയുന്നു?

അടിസ്ഥാന രഹിതമായ വാര്‍ത്തകളില്‍ വിശ്വസിക്കരുത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണ് ചൈന ആക്രമണോത്സുകമായത്. ഇന്ത്യയും ചൈനക്കുമിടയില്‍ 3500 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയുണ്ട്. ഈ മേഖലയിലെ ചിലയിടങ്ങള്‍ എന്നും സംഘര്‍ഷ ഭരിതമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ കാര്യം പരിശോധിച്ചാല്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ച ആയിരത്തോളം സംഭവങ്ങളാണ് ചുരുങ്ങിയതുള്ളത്. അതിപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത്തവണയാകട്ടെ ചൈന കൂടുതല്‍ അക്രമണോത്സുകരാണ്.

ഇത്തവണ സമൂഹ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വീഡിയോകളും റിപ്പോര്‍ട്ടുകളും പ്രചരിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. സര്‍ക്കാരില്‍ നിന്നും ഒരു ഔദ്യോഗിക പ്രസ്‌താവന ഉണ്ടാകുന്നതു വരെ ഇത്തരം വാര്‍ത്തകള്‍ ഒന്നും നമ്മള്‍ വിശ്വസിക്കരുത്. ഉദാഹരണത്തിന്, ചിലര്‍ പറയുന്നു ചൈനയുടെ പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് 25 കിലോമീറ്ററോളം ഉള്ളിലേക്ക് പ്രവേശിച്ചുവെന്നെല്ലാം. പക്ഷെ നമ്മള്‍ സമ്പൂര്‍ണമായും ജാഗ്രത പുലര്‍ത്തുന്നതിനാല്‍ ഇത് വിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല.

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണ്?

ഒരിഞ്ചു പോലും നമ്മള്‍ വിട്ടു കൊടുക്കാന്‍ പോകുന്നില്ല. മോദി സര്‍ക്കാരിന്‍റെ രൂപീകരണത്തോടെ അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായകമായ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം ഉയര്‍ന്നു വന്നാല്‍ നയതന്ത്ര വഴിയിലൂടെ അതിന് ഒരു പരിഹാരം കാണുവാനുള്ള വളരെ വ്യക്തമായ ശ്രമം നടക്കുന്നുണ്ട്. പക്ഷെ നമ്മള്‍ ഒരിഞ്ച് പോലും നമ്മളുടെ ഭൂമിയില്‍ നിന്നും പിറകോട്ട് പോകുന്ന പ്രശ്‌നമില്ല. നമ്മളുടെ സൈന്യം നമ്മുടെ സ്വന്തം മേഖലയിലാണ് അതിശക്തമാം വിധം കാലുറപ്പിച്ച് നില്‍ക്കുന്നത്. ഡോക്ലാമിലെ സംഘര്‍ഷ വേളയിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇപ്പോഴും ചൈന യഥാര്‍ഥ നിയന്ത്രണ രേഖ കൈയ്യേറുമ്പോള്‍ നമ്മള്‍ അവിടെ ഉറച്ചു നില്‍ക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഈ അതിര്‍ത്തിയില്‍ ഒരു വെടിയുണ്ട പോലും വര്‍ഷിക്കപ്പെട്ടിട്ടില്ല. നമ്മള്‍ യുദ്ധം ആഗഹിക്കുന്നില്ല. പക്ഷെ നമ്മുടെ സ്ഥലം സംബന്ധിച്ചുള്ള കാര്യത്തില്‍ വിട്ടു വീഴ്‌ചയുമില്ല. നയതന്ത്രത്തിലൂടെ നമ്മള്‍ സംസാരിക്കും. ഈ നയം തന്നെയാണ് ലഡാക്കിലും സ്വീകരിച്ചിട്ടുള്ളത്. മറ്റ് വാര്‍ത്തകൾ ഒന്നും വിശ്വസിക്കരുത്.

കൊവിഡ് പ്രതിസന്ധി ചൈന മുതലെടുക്കുകയാണോ?

കാലാ കാലങ്ങളായി ചൈന ഇത്തരത്തിലുള്ള കടന്നു കയറ്റങ്ങള്‍ നടത്തി വരുന്നുണ്ട്. അതിനെല്ലാം തന്നെ ആഭ്യന്തരമായ കാരണങ്ങളുമുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഇങ്ങനെ ഒരു കടന്നു കയറ്റം നടത്തിയിട്ടില്ല. ഒരിക്കലും യുദ്ധം ഉണ്ടായിട്ടില്ല. നമ്മൾ സമാധാനത്തോടെയാണ് അതിര്‍ത്തി സംരക്ഷിച്ചു വരുന്നത്. ചൈന പലപ്പോഴും പ്രശ്‌നങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും നമ്മള്‍ ഒരിക്കലും പ്രകോപനം സൃഷ്ടിച്ചിട്ടില്ല. ഇത്തരം സംഭവങ്ങള്‍ നടക്കുകയാണെങ്കിൽ അതിനര്‍ത്ഥം ചൈനക്ക് ആഭ്യന്തരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. ഇത്തവണ ചൈനയിലെ നേതൃത്വത്തിനെതിരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സമ്മര്‍ദ്ദം ഉയരുന്നു എന്ന പ്രതിസന്ധി ഉണ്ട്. അമേരിക്ക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹോങ്കാങ്ങിലും പ്രശ്‌നങ്ങളുണ്ട്. തായ്‌വാനുമായും ചൈന പ്രശ്‌നത്തിലാണ്. ചൈനക്കകത്താകട്ടെ കൊവിഡും അത് കൈകാര്യം ചെയ്‌ത രീതിയും സംബന്ധിച്ച് പൊതു ജനരോഷം ഉയര്‍ന്നിട്ടുണ്ട്.

നിലവിലെ ഈ സ്ഥിതി പാക്കിസ്ഥാന്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടോ?

പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയിലും നമ്മള്‍ സമ്പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ നിരന്തരം ഭീകരരെ നുഴഞ്ഞു കയറുവാന്‍ സഹായിച്ചു കൊണ്ടിരിക്കുന്നു. കശ്മീരില്‍ വേനല്‍ കാലം ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍, ജൂലായ്, ആഗസ്റ്റ് വരെ കശ്‌മീരിൽ വേനല്‍ക്കാലമാണ്. ഈ സമയത്ത് പാക്കിസ്ഥാന്‍ ഭീകരരെ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറ്റി വിടും. ഈ സമയത്ത് മലമ്പാതകളെല്ലാം തുറന്നു കിടക്കുന്ന സമയമാണ്. നമ്മളുടെ സൈന്യം പൂര്‍ണ്ണമായും ജാഗരൂകരാണ്. ഈയിടെ ഒരു ദിവസം സൈന്യം 14 ഭീകരരെ വധിക്കുകയുണ്ടായി. നമ്മള്‍ ജാഗ്രതോടെ തന്നെയാണുള്ളത്. ഒരു തരത്തിലും ഈ സ്ഥിതി വിശേഷം മുതലെടുക്കുവാന്‍ നമ്മള്‍ പാക്കിസ്ഥാനെ അനുവദിക്കില്ല. ജമ്മു കശ്മീരിലെ ജനങ്ങളും ഭീകരരെ പിന്തുണക്കുന്നില്ല. ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നു. ഞങ്ങളും ജനങ്ങളുടെ ആഗ്രഹം സഫലമാക്കും. പാക്കിസ്ഥാന് ഒരവസരവും ലഭിക്കാന്‍ പോകുന്നില്ല.

ഓരോ കാര്യങ്ങളിലും ഓരോ പ്രശ്‌നങ്ങളിലും പ്രതിപക്ഷത്തിന് ഒത്തൊരുമയില്ല. കൊവിഡ് പ്രതിസന്ധിയിൽ പോലും അവര്‍ക്ക് യോജിക്കാതെയായിരിക്കുന്നു?

ഇത് നമ്മളെ സംബന്ധിച്ചിടത്തോളം ദൗര്‍ഭാഗ്യകരമാണ്. 130 കോടി ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും വേണ്ടി ഞങ്ങള്‍ ഒരു യുദ്ധം നയിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രതിപക്ഷം ഞങ്ങളോട് സഹകരിക്കുന്നില്ല. അതേ സമയം തന്നെ രാഹുല്‍ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കന്മാരും ലോകത്തിന്‍റെ കണ്ണില്‍ ഇന്ത്യയുടെ പ്രതിഛായ ഇടിച്ചു താഴ്ത്തുന്നതിനുള്ള ശ്രമങ്ങളില്‍ പൂര്‍ണമായും ഏര്‍പ്പെട്ടിരിക്കുകയാണ്. കൊറോണ പ്രതിസന്ധി കാലത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റക്കാണോ പോരാടുന്നത്? ഈ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളും പങ്കാളികളല്ലേ? കോണ്‍ഗ്രസിന്‍റെ സര്‍ക്കാരുകളും അതില്‍ പങ്കാളികളല്ലേ? കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ പാതിയും പോയി കഴിഞ്ഞു. ഇക്കാര്യത്തില്‍ ആരെങ്കിലും രാഷ്ട്രീയം കളിക്കാന്‍ പാടുണ്ടോ?

130 കോടി ജനങ്ങളുടെ പ്രതിനിധികളെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതല്ലെ? പക്ഷേ പ്രതിപക്ഷം കപട രാഷ്ട്രീയ നാടകം കളിക്കുകയാണ്. കേന്ദ്രം ഒരു തരത്തിലുള്ള സഹായവും നല്‍കുന്നില്ല എന്ന് പറയുന്നത് തെറ്റാണ്. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കാര്യത്തിലുണ്ടായ ഏറ്റവും വലിയ പരാജയം മഹാരാഷ്ട്രയിലേയും പിന്നെ ബംഗാളിലേയും സര്‍ക്കാരുകളില്‍ നിന്നുണ്ടായതാണ്. നമ്മള്‍ ഒരുമിച്ച് നിന്നു വേണം ഈ പോരാട്ടം നടത്താന്‍. പക്ഷെ പ്രതിപക്ഷത്ത് നിന്ന് ആരേയും കാണുന്നില്ല. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട രാഷ്ട്രീയം ദൗര്‍ഭാഗ്യകരമാണ്.

ബി ജെ പി ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കാത്തതുകൊണ്ടല്ലേ അവര്‍ ഇന്ന് ഇത്രയും ദുരിത പൂര്‍ണമായ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്?

ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ ഇന്ന് പറഞ്ഞു കേൾക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ അര്‍ത്ഥശൂന്യവും വിഡ്ഢിത്തവുമാണ്. ലോക്ക് ഡൗൺ അനിവാര്യമായ ഒരു ഘട്ടത്തിലായിരുന്നു അത് നടപ്പാക്കിയത്. നമ്മള്‍ ലോക്ക് ഡൗൺ നടപ്പാക്കിയില്ലായിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ അമേരിക്കയേക്കാളും ഇറ്റലിയേക്കാളും കൂടുതല്‍ മോശമായ ഒരു അവസ്ഥയിലേക്ക് ഇന്ത്യ ചെന്നെത്തുമായിരുന്നു. കൃത്യ സമയത്താണ് നമ്മള്‍ ലോക്ക് ഡൗൺ ശക്തമായി നടപ്പിലാക്കിയത്. അതിനടുത്ത മൂന്ന് ആഴ്‌ചകളില്‍ ആരോഗ്യ മേഖലയില്‍ നമ്മള്‍ നിരവധി തയ്യാറെടുപ്പുകള്‍ നടത്തി. നമുക്ക് പരിശോധനാ കിറ്റുകള്‍ ഇല്ലായിരുന്നു. പിപിഇ കള്‍ ലഭ്യമല്ലായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുകള്‍ നല്‍കുന്ന കാര്യത്തിൽ നമ്മുടെ ഭാഗത്ത് നിന്നുള്ള ശ്രമം വേണമായിരുന്നു.

നിങ്ങളുടെ ഉല്‍കണ്‌ഠകള്‍ അവസാനിപ്പിക്കുമെന്ന് നമ്മൾ പറയേണ്ടതായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടേതായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. എന്‍ജിഒകളും സഹായിച്ചു. ആര്‍എസ്എസും തുടങ്ങിയ സംഘടനകളും സഹായിക്കുകയുണ്ടായി. മറ്റൊരു കാര്യം കൂടി അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് എട്ട് കോടി അതിഥി തൊഴിലാളികളുണ്ട്. അവരില്‍ 70-90 ലക്ഷം മാത്രമാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങി പോയിട്ടുള്ളത്. സർക്കാരിന്‍റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവരും മടങ്ങി പോകില്ലായിരുന്നു.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ചിലര്‍ കടുത്ത ഉല്‍കണ്ഠയും ഭയവും മൂലമാണ് വീടുകളിലേക്ക് മടങ്ങിയത്. എന്നാല്‍ ഇവരുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയതോടെ ഞങ്ങള്‍ ട്രെയിനുകൾ ഏര്‍പ്പാടാക്കി തുടങ്ങി. തുടർന്ന് സർവീസുകളുടെ എണ്ണം കൂട്ടി. നാല് ദിവസം കഴിഞ്ഞ് ലോക്ക് ഡൗൺ നടപ്പാക്കുമെന്ന് നമ്മള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ ആളുകള്‍ ഭ്രാന്തമായ രീതിയില്‍ തിക്കും തിരക്കും കൂട്ടി ഓടുമായിരുന്നില്ലേ? നിങ്ങള്‍ തന്നെ പറയൂ. അത്തരം ഒരു സ്ഥിതി വിശേഷം സംഭവിച്ചിരുന്നുവെങ്കില്‍ സങ്കല്‍പ്പിക്കാന്‍ പോലും ആകില്ലായിരുന്നു കൊവിഡ് വിതക്കുന്ന ഭവിഷ്യത്തുകള്‍.

ABOUT THE AUTHOR

...view details