ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അതിര്‍ത്തിയിലെന്ന പോലെ തന്നെ ഇന്ത്യ-ചൈന അതിര്‍ത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇന്ത്യയുടെ പുതിയ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ.
ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായും അതിർത്തികളുണ്ട്. രണ്ടും തുല്യപ്രാധാന്യമുള്ളതാണ്. പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലായിരുന്നു മുന്‍കാലങ്ങളില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നത്. എന്നാല്‍ വടക്കന്‍ അതിര്‍ത്തിമേഖലയിലും തുല്യശ്രദ്ധ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗം ഉൾപ്പെടെയുള്ള അതിർത്തികളിൽ ശ്രദ്ധ മെച്ചപ്പെടുത്തുന്നതെന്നും കരസേനാ മേധാവി പറഞ്ഞു. ഇന്ത്യന്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് യഥാർഥ നിയന്ത്രണ രേഖയുണ്ട്. ചൈനയുമായുള്ള അതിർത്തി പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ശാന്തിയും സമാധാനവും നിലനിർത്തുന്നതിൽ നമ്മൾ പുരോഗതി കൈവരിച്ചു. ആത്യന്തികമായി ചൈനയുമായുള്ള പ്രശ്‌നം ഇന്ത്യ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തിയെ കുറിച്ചും ജമ്മുകശ്‌മീരിലെ നിയന്ത്രണരേഖയിൽ നിന്നുള്ള ഭീഷണികളെ കുറിച്ചും ജനറൽ നരവാനെ വ്യക്തമാക്കി.
സേനയുടെ ആധുനികവൽക്കരണത്തിനും മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും പ്രാധാന്യം നല്‍കും. എല്ലാ വെല്ലുവിളികൾക്കും തയ്യാറായിരിക്കുകയും പ്രവർത്തനത്തിന് തയ്യാറായിരിക്കുകയും വേണമെന്ന് അദ്ദേഹം സേനയോട് പറഞ്ഞു. ഇന്ത്യൻ സേനയുടെ ഉപമേധാവിയായി സേവനമനുഷ്‌ഠിച്ചിരുന്ന നരവാനെ ഡിസംബര്‍ 31നായിരുന്നു കരസേനാ മേധാവിയായി ചുമതലയേറ്റത്.