കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് വിനാശം വിതച്ച ദക്ഷിണ കൊൽക്കത്തയിലെ പൂർണ ദാസ് റോഡിൽ ഇന്ത്യൻ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ചേർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. കൊൽക്കത്തയിലുട നീളം വിന്യസിച്ച ഇന്ത്യൻ സൈന്യത്തിന്‍റെ അഞ്ചു ടീമുകളുടെ സഹകരണത്തോടെയാണ് ഇന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ചുഴലിക്കാറ്റിൽ തകർക്കപ്പെട്ട കൊൽക്കത്തയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനായി ഇന്ത്യൻ സൈന്യത്തിൽ നിന്നും അഞ്ച് സംഘങ്ങളെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ സൈന്യത്തിന്‍റെ സഹായം വേണമെന്ന് അപേക്ഷ നൽകിയതിനെ തുടർന്നാണ് കേന്ദ്രം സേനയെ അയക്കാനുള്ള തീരുമാനം എടുത്തത്.
സൈന്യത്തിന്‍റെയും ദുരന്തനിവാരണ സേനയുടെയും സേവനം കൊല്‍ക്കത്തയിലും - restoration works
ചുഴലിക്കാറ്റിൽ തകർക്കപ്പെട്ട കൊൽക്കത്തയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനായി ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള അഞ്ച് സംഘങ്ങളാണ് ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നത്
പശ്ചിമ ബംഗാൾ സർക്കാരിന്‍റെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ അഞ്ച് ടീമുകളെ വിന്യസിച്ചതായും ഇവർ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ സഹായിക്കുമെന്നും ഇന്ത്യൻ സേനയുടെ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. പുഴുതു വീണ മരങ്ങൾ പലതും വൈദ്യുത കേബിളുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നതിനാൽ മരങ്ങൾ മുറിച്ചു മാറ്റുന്നത് ദുഷ്‌കരമാണെന്ന് ഇന്ത്യൻ ആർമി കോർപ്‌സ് ഓഫ് എഞ്ചിനീയേഴ്‌സിൽ നിന്നുള്ള ക്യാപ്റ്റൻ വിക്രം പറഞ്ഞു. ഇത് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അധിക സമയമെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് സുന്ദർബനിലെ സാഗർ ദ്വീപിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ വൈദ്യുതി ലൈനുകളും റോഡുകളും തകർന്നിരുന്നു. സംസ്ഥാനത്ത് മൊത്തം 80ലധികം ആളുകളുടെ ജീവനും ചുഴലിക്കാറ്റിൽ നഷ്‌ടപ്പെട്ടു.