നാം പിറന്നു വീണ നമ്മുടെ മണ്ണ് പിടിച്ചെടുക്കാനുള്ള മോഹത്തോടെ നുഴഞ്ഞ് കയറിയ പാകിസ്താന്‍ സൈന്യത്തെ തുരത്തിയോടിച്ച കാർഗിൽ യുദ്ധത്തിന് ഇരുപതാണ്ട്. 527 സൈനികരുടെ ജീവത്യാഗത്തിലൂടെയാണ് രണ്ടര മാസം നീണ്ടു നിന്ന യുദ്ധത്തിൽ ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ഇന്ത്യൻ മണ്ണിൽ നിന്ന് പാക് സൈനികരെ തുരത്തിയോടിച്ച ജൂലൈ 26 ഇന്ത്യൻ ജനതക്ക് ധീരസ്മരണയുണർത്തുന്ന ദിനം.
പാക്ക് പട്ടാള മേധാവിയായ പർവേശ് മുഷറഫ് ഇന്ത്യൻ മണ്ണ് പിടിച്ചെടുക്കാൻ 1999 മെയ് 3ന് നുഴഞ്ഞുകയറ്റക്കാരെ കാശ്മീരിലേക്കയച്ചു. നവാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ധരിപ്പിക്കാതെ മുൻകൂട്ടി തയാറാക്കപ്പെട്ട പദ്ധതി പ്രകാരമായിരുന്നു നീക്കം. ശ്രീനഗറിൽ നിന്ന് 205കിലോമീറ്റർ അകലെയുള്ള കാർഗിലിലാണ് ചതിയുടെ പുതിയ അധ്യായം പാക് സേന എഴുതി ചേർത്തത്.
ആട്ടിടയൻമാരാണ് ഇന്ത്യയുടെ നിയന്ത്രണ രേഖയോട് അടുത്ത് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആദ്യം മനസിലാക്കിയത്. ഇത്തരം സംഭവങ്ങൾ സുപരിചിതമല്ലാത്തതിനാൽ അവർ വിവരം തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തെ അറിയിച്ചു. ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. അവർ മടങ്ങി വരാത്തത് സേനയിൽ ആശങ്ക സൃഷ്ടിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ മേഖലയിലേക്ക് കടന്നുകയറിയതായി സൈന്യത്തിന് മനസിലായി. അതിനു പിന്നാലെ കാർഗിലിന്‍റെ മറ്റ് ഭാഗങ്ങളിലും നുഴഞ്ഞു കയറ്റക്കാരുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
നൂറു കണക്കിന് പാക് സൈനികർ തീവ്രവാദികളോടൊപ്പം കാർഗിലിൽ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യത്തിന് രഹസ്യാന്വേഷണ വിവരം ലഭിച്ചു. ചെറിയ സൈനിക നീക്കത്തിലൂടെ ഇവരെ പുറത്താനാകില്ലെന്ന് ബോധ്യപ്പെട്ടതോടെ വലിയ സൈനിക നീക്കത്തിന് പദ്ധതിയിട്ടു. രണ്ട് ലക്ഷത്തോളം സൈനികരെ ഉൾക്കൊള്ളിച്ച് ഓപ്പറേഷൻ വിജയ്ക്ക് സജ്ജമായി. പ്രതീക്ഷച്ചതിലും കരുത്തരായ എതിരാളികളെ നേരിടാൻ ഇന്ത്യൻ സൈന്യം നന്നേ പ്രയാസപ്പെട്ടു. ഉയരത്തിന്റെ മുൻതൂക്കമുള്ള മലമുകളിൽ നിലയുറപ്പിച്ച ശത്രു സൈന്യത്തോട് താഴ് വാരത്ത് നിന്ന് യുദ്ധം ചെയ്യേണ്ടി വന്നു. രണ്ട് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങള്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ വെടിവെച്ചിട്ടതോടെ യുദ്ധം കൊടുമ്പിരി കൊണ്ടു.
ദുർഘടമായ ഭൂപ്രകൃതിയുള്ള കാർഗിലിൽ കുന്നുകളില്‍ നുഴഞ്ഞുകയറ്റക്കാരും പാക് സൈനികരും താവളമുറപ്പിച്ച് വെടിവെയ്പ്പ് ആരംഭിച്ചതോടെ സൈനിക നീക്കം തടസപ്പെട്ടു. യുദ്ധം ജയിക്കാന്‍ ദേശീയപാതയിലൂടെയുള്ള സൈനിക നീക്കം സാധാരണ രീതിയിലാക്കണമായിരുന്നു. ഒട്ടുംവൈകാതെ തന്നെ ഇന്ത്യൻ സൈന്യവും നടപടികള്‍ ആരംഭിച്ചു. കാര്‍ഗിലിലെ പോയിന്റ് 4590 പിടിച്ചെടുക്കുമ്പോഴാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായത്. ടൈഗര്‍ഹില്ലിന്റെ കിഴക്കന്‍ മേഖല കീഴടക്കിയിട്ടും ടൈഗർഹില്ലിൽ നുഴഞ്ഞുക്കയറ്റക്കാർ കീഴടങ്ങാതെ നിന്നു. ടൈഗർഹിൽ തിരിച്ചുപിടിക്കലായിരുന്നു ഇന്ത്യൻ സൈന്യത്തിന്‍റെ പ്രധാന ലക്ഷ്യം.
1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതു വരെയുള്ള സമയമായിരുന്നു കാർഗിൽ യുദ്ധത്തിൽ ഏറെ നിര്‍ണായക ഘട്ടം. ടൈഗര്‍ ഹില്‍ തിരികെ പിടിക്കാൻ പീരങ്കിപ്പട പ്രധാന പങ്കു വഹിച്ചു. ബൊഫോഴ്സ് പീരങ്കികള്‍ ടൈഗര്‍ ഹില്ലിലേക്ക് തുടര്‍ച്ചയായി ആക്രമണം നടത്തി. തോലോലിങ് ബ്രിഗേഡിയര്‍ അമര്‍ ഔളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സേന പിടിച്ചതോടെ അവിടെ നിന്നുള്ള റോക്കറ്റ് ലോഞ്ചറുകള്‍ ടൈഗര്‍ ഹില്‍ ആക്രമണത്തിനായി മാറ്റി. ശത്രുവിന്റെ പ്രഹരശേഷി കുറഞ്ഞപ്പോള്‍ നാഗാ റെജിമെന്റിനെയും സി റെജിമെന്റിനേയും കിഴക്കന്‍ റിഡ്ജില്‍ താവളമുറപ്പിക്കാനായി കയറ്റിവിട്ടു. ഭാരമേറുമെന്നതിനാൽ റേഷന്‍ പോലും എടുക്കാതെ പരമാവധി ആയുധങ്ങള്‍ ചുമലിലേറ്റിയാണ് ഇന്ത്യൻ സൈനികർ മലകയറിയത്.
യുദ്ധത്തിന്‍റെ അവസാനഘട്ടത്തിൽ ഇന്ത്യ ശക്തമായ പീരങ്കി ആക്രമണം നടത്തി. ഇന്ത്യന്‍ സൈനികര്‍ മലമുകളിലെത്താറായപ്പോള്‍ ഇന്ത്യ ആക്രമണം നിര്‍ത്തിവെച്ചു. ജൂലൈ നാലിന് വെളുപ്പിന് ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. പോരാട്ടത്തില്‍ പത്തു ശത്രുക്കള്‍ മരിച്ചു. അഞ്ചു സൈനികരെ ഇന്ത്യയ്ക്കും നഷ്ടമായി. രാവിലെ ഏഴോടെ സൈനികരുടെ സന്ദേശമെത്തി - ടൈഗര്‍ ഹില്‍ പിടിച്ചു. ടൈഗര്‍ ഹില്ലിന് മുകളില്‍ ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചപ്പോള്‍ താഴെ സൈന്യം പീരങ്കിയില്‍ മൂന്നു തവണ ആഘോഷ വെടി പൊട്ടിച്ചു. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം വൈകിട്ടോടെ ഇന്ത്യ മുഴുവന്‍ പടർന്നു. അങ്ങനെ മെയ് മൂന്ന് മുതല്‍ ജൂലൈ 26 വരെ നീണ്ടു നിന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സായുധ പോരാട്ടത്തിന് തിരശീല വീണു.