1999 ജൂലൈ 26 ന് കാർഗിൽ മല നിരകളിൽ ഇന്ത്യൻ സൈന്യം വിജയക്കൊടി നാട്ടുമ്പോൾ ഇന്ത്യ നേടിയത് പാകിസ്ഥാന് മേലുള്ള സമ്പൂർണ വിജയം മാത്രമായിരുന്നില്ല. ആഗോള രാജ്യങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കിയ വിജയം രാജ്യത്തിന്‍റെ ചരിത്രപരമായ നാഴികകല്ലുകളിൽ ഒന്നുകൂടിയാണ്. ഇന്ത്യൻ സേനയുടെ ആത്മാഭിമാനം അടയാളപ്പെടുത്തിയ സായുധ വിജയത്തിനൊപ്പം ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞന്‍റെ കൈയടക്കത്തോടെ അടല്‍ ബിഹാരി വാജ്പേയി എന്ന ഇന്ത്യൻ പ്രധാനമന്ത്രി കാർഗിൽ വിഷയം കൈകാര്യം ചെയ്‌തു. യുദ്ധത്തിൽ ഇന്ത്യക്ക് സ്വന്തമാക്കാനായത് നയതന്ത്രപരമായ വിജയം കൂടിയാണ് എന്നതും ശ്രദ്ധേയമാണ്.
യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെയും വിദേശരാജ്യങ്ങളെയും ഉപയോഗിച്ച് പാകിസ്ഥാനുമേൽ ഇന്ത്യ ചെലുത്തിയ സമർദ്ദവും ഏറ്റുമുട്ടലിൽ വ്യോമതിർത്തി ലംഘിക്കരുത് എന്ന നിലപാടും കാർഗിൽ വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നതിന് പ്രധാന കാരണങ്ങളായി.
അതുകൊണ്ടു തന്നെ വിജയത്തിന് പിന്നാലെ വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളില്‍ വന്‍ പുരോഗതിയുണ്ടാക്കാനും ഇന്ത്യക്ക് സാധിച്ചു. വിദേശനിക്ഷേപവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും ബാങ്കിംഗ് മേഖലയിലെ സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമായെന്ന് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു.